കല്‍പ്പറ്റ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് സി.കെ. ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കല്‍പ്പറ്റ മുന്‍ എംഎല്‍എയുമായ സി.കെ. ശശീന്ദ്രന്റെ മൊഴിയെടുത്തു. വീട്ടിലെത്തിയാണ് കേസ് അന്വേഷിക്കുന്ന വയനാട് ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തത്.
ഇദ്ദേഹത്തിന്റെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ നല്കിയ കോഴപ്പണത്തില്‍ നാലരലക്ഷം രൂപ ശശീന്ദ്രന്റെ ഭാര്യയ്ക്കു കൈമാറിയതായി പരാതിക്കാരനായ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് ആരോപിച്ചിരുന്നു.
പണംതന്ന കാര്യം ശശീന്ദ്രന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് മൊഴിയെടുത്തത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം തേടിയത്. മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.
2019 ൽ വാഹനം വാങ്ങാനായി ജാനു തന്നോട് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നതായും അതിൽ ബാക്കിയുള്ള ഒന്നരലക്ഷം രൂപയാണ് മാർച്ചിൽ തിരികെ നൽകിയതെന്നും നേരത്തെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ഇതോടെ .ജാനുവിന്റെ കൈവശം പണമെത്തിയിരുന്നു എന്നത് വെളിവായി.
തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു മാര്‍ച്ച് ഏഴിന് പത്തുലക്ഷം രൂപ കോഴ നല്‍കിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഒന്‍പതിനാണ് ജാനു ശശീന്ദ്രന്റെ ഭാര്യക്ക് നേരിട്ടെത്തി പണം കൈമാറിയത്. ജാനുവിനു വായ്പ നല്‍കാനുണ്ടായ സാഹചര്യവും തിരിച്ചുതന്നതുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് അന്വേഷണ സംഘം പ്രധാനമായും ചോദിച്ചറിഞ്ഞത്.

















