മലപ്പുറം: പ്രമുഖ ഇസ്‌ലാമിക പ്രാസംഗികൻ ബായാർ തങ്ങൾക്കെതിരെ പീഡന പരാതിയുമായി ആദ്യ ഭാര്യയും മക്കളും രംഗത്ത്. ബയാർ തങ്ങളിൽ നിന്നും നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ആദ്യ ഭാര്യ ശബ്‌ന ബീവിയും മക്കളും പരാതി നൽകിയതായി കുടുംബം മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പീഡന വിവരങ്ങൾ കാടാമ്പുഴ പൊലീസിന് നൽകിയ പരാതിയിൽ ഞാൻ വളരെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ഞാൻ നിയമപ്രകാരം കേസ് കൊടുത്തിട്ടുള്ളതുമാണ് എന്ന് അവർ വ്യക്തമാക്കി.
തീർത്തും വളരെ മോശമായ രീതിയിൽ എന്നെ സെക്സിന് വിധേയമാക്കുകയും പല മോശമായ കാര്യത്തിൽ ഭർത്താവായ ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്. എന്നെ ഒഴിവാക്കണമെന്നും ഞാനും എന്റെ കുട്ടികളും താമസിക്കുന്ന വീട്ടിൽ നിന്നും പുറത്താക്കുമെന്നും ഇദ്ദേഹം പലതവണയായി ചർച്ചകളിൽ പോലും പറഞ്ഞിട്ടുണ്ടെന്നും ശബ്‌ന ബീവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ശബ്‌ന ബീവിയുടെയും മകന്റെയും അവരെ സഹായിച്ചിരുന്ന അമ്മാവൻ നൗഷാദ് തങ്ങളെയും പേരിലും ബായാർ തങ്ങൾ കാടാമ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും ചെയ്തിരുന്നു. ഒരിക്കലും ശബ്‌നയുമായി ഒത്തു പോവുകയില്ല എന്ന ഇയാളുടെ തീരുമാനത്തെ പലനിലക്കും അവരുടെ കുടുംബക്കാർ തിരുത്താൻ ശ്രമിച്ചെങ്കിലും ശബ്‌നയെയും മക്കളെയും അവഗണിക്കുകയാണ് ചെയ്തിരുന്നത്. ഇവരെയും മക്കളെയും ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളും ഇവർ താമസിക്കുന്ന വീട്ടിൽ നേരിടേണ്ടിവന്നുവെന്നും അവർ വ്യക്‌തമാക്കി.
ബായാർ തങ്ങളുടെ പേരിൽ ഐപിസി 377-498 (A) വകുപ്പുകൾ പ്രകാരം കാടാമ്പുഴ പോലീസ് സ്റ്റേഷനിലും, പോക്സോ നിയമപ്രകാരം 5/6 വകുപ്പുകൾ പ്രകാരം മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ കേസ് കൊടുത്തിട്ടുള്ളതായി ശബ്‌ന ബീവി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. എന്നാൽ, എല്ലാ നിലക്കും സ്വാധീനമുള്ള ഇയാൾ പലനിലയ്ക്കും ഈ കേസ് തേച്ചുമാച്ചു കളയാൻ ശ്രമിക്കുന്നതായും അവർ ആരോപിച്ചു.
ഭർത്താവിന്റെ അനുയായികൾ തനിക്കെതിരെ പല കുപ്രചരണങ്ങളും നടത്തിവരുന്നതായും ഇവർ ആരോപിച്ചു. തനിക്കും മക്കൾക്കും നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും ഇവർ പറഞ്ഞു.

















