ന്യൂ ഡല്‍ഹി: കരിപ്പൂര്‍ സ്വര്‍ണ്ണകടത്തിലെ സിപിഎം പങ്കാളിത്തം മറയ്ക്കാനും കൊവിഡ് മരണകണക്കിലെ കള്ളക്കളി അടക്കമുള്ള വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുമാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ കൊടകര കവര്‍ച്ചാ കേസുമായി ബന്ധപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. സിപിഎം നിയന്ത്രിക്കുന്ന ഗൂണ്ടാ സംഘങ്ങള്‍ നടത്തുന്ന കൊള്ളയും പിടിച്ചുപറിയും കണ്ടെത്താന്‍ കെ. സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് അപഹാസ്യമാണ്. കരിപ്പൂരില്‍ സ്വര്‍ണ്ണം തട്ടിയെടുത്തതും കൊടകരയില്‍ മോഷണം നടത്തിയതും സിപിഎം പാലൂട്ടി വളര്‍ത്തുന്ന ക്രിമിനല്‍ മാഫിയാ സംഘങ്ങളാണ്. ഇക്കാര്യം പുറത്ത് വന്നതിന്റെ ജാള്യത മറക്കാനാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കേസിലേക്ക് വലിച്ചിഴക്കുന്നത്. ദേശീയ പാതയിലെ മോഷണവും ബിജെപിയുമായി എന്ത് ബന്ധമാണെന്ന് കേരളാ പോലീസ് പറയണം.
കേന്ദ്ര ഏജന്‍സികള്‍ വേട്ടയാടുന്നുവെന്ന് ആരോപണം ഉയര്‍ത്തിയ സിപിഎം ആണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുന്നത്. ആയിരകണക്കിന് കോടികളുടെ മരം മുറിച്ച് കടത്തിയ കേസിലെ പ്രതികള്‍ നാട്ടില്‍ സൈ്വര്യവിഹാരം നടത്തുമ്പോഴും ചെറുവിരല്‍ അനക്കാന്‍ സംസ്ഥാന പോലീസിന് കഴിഞ്ഞിട്ടില്ല. വനം കൊള്ളക്കാരെ തൊടാന്‍ ധൈര്യമില്ലാതെ പിണറായിയുടെ എറാന്‍ മൂളികളായിരിക്കുകയാണ് സംസ്ഥാന പോലീസ് . കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് അന്വേഷണം കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഓഫീസുകളിലേക്ക് എത്തുന്നതിന്റെ വെപ്രാളമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. സിപിഎമ്മും സര്‍ക്കാരും പ്രതിക്കൂട്ടിലാകുമ്പോള്‍ വിവാദ വിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റാനുള്ള തരംതാണ കുതന്ത്രം വിലപോകില്ലെന്ന് സിപിഎം മനസ്സിലാക്കണമെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.