ഓൺലൈൻ മീഡിയകളിൽ സജീവമായിരിക്കുന്നവരെ നോട്ടമിട്ട് സെക്സ് റാക്കറ്റുകൾ സജീവമാകുന്നു. ഇതൊരു പുതിയ വാർത്തയല്ല. പക്ഷേ, പതിവ് റാക്കറ്റ് പോലെ ആവശ്യക്കാർക്ക് പെൺകുട്ടികളെ എത്തിച്ച് നൽകുന്ന സംഘമല്ല പുതിയ തട്ടിപ്പുകാർ. ഓൺലൈനിലൂടെ വീഡിയോ കാൾ വിളിച്ച് പണം തട്ടിയെടുക്കുന്നവരാണ് സംഘങ്ങൾ. ഓൺലൈൻ സുന്ദരിമാരുടെ വലയിൽ വീണ് പോയാൽ നഷ്ടമാകുന്നത് മാനമാകും. മാനം കാത്ത്സൂക്ഷിക്കാൻ ഇറങ്ങിയാൽ അവിടെ നഷ്ടമാകുന്നത് മുഴുവൻ സമ്പാദ്യവുമാകും.
അപമാനം ഭയം നിമിത്തം പണം കൊടുക്കാൻ എല്ലാവരും തയ്യാറാകും എന്നതിനാൽ അത് തന്നെയാണ് ഇത്തരം സുന്ദരികളുടെ സാധ്യതയും. കേരളത്തിൽ ഇത്തരം വലകളിൽ വീണു പോയവരിൽ വിദ്യാർത്ഥികളും, ചെറുപ്പക്കാരും, മുതിരുന്നവരുമെല്ലാം ഉണ്ട്. പുരുഷന്മാർ മാത്രമല്ല, സ്വവർഗ ലൈംഗീകത ആഗ്രഹിക്കുന്ന സ്ത്രീകൾ ഉൾപ്പെടെ ഇത്തരം സംഘങ്ങളിൽ വീഴുന്നുണ്ട്. ഇത്തരം തട്ടിപ്പ് നടത്തുന്ന പുരുഷന്മാരും ഉണ്ട്.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്‌സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്നോ ഒരു അക്കൗണ്ടിൽ നിന്നോ ഒരു മെസ്സേജ് വരികയാണ് ആദ്യം ചെയ്യുക. ഒന്ന് പരിചയപ്പെട്ട ശേഷം തന്നെ സെക്സ് വീഡിയോ കോൾ ചെയ്യട്ടെ എന്ന ചോദ്യം വരും. അല്ലെങ്കിൽ സെമി ന്യൂഡ് ഫോട്ടോസ് വരും. ഇതിൽ താല്പര്യം കാണിച്ച് മുൻപോട്ട് പോയാൽ പിന്നെ ചോദ്യമില്ലാതെ തന്നെ വീഡിയോ കാൾ വരും. സ്വാഭാവികമായും നമ്മുടെ കാമറ ഓൺ ആയിരിക്കും. അതിൽ നമ്മുടെ മുഖം പതിയുക കൂടി ചെയ്‌താൽ പിന്നെ തട്ടിപ്പുകാരുടെ ഊഴമാണ്.
അടുത്തതായി നടക്കാൻ പോകുന്നത് നമ്മുടെ ഈ ചാറ്റും, വീഡിയോ കോളും ഉൾപ്പെടുത്തി ഒരു വീഡിയോ നമ്മുടെ നമ്പറിലേക്ക് വരും. പണം തന്നില്ലെങ്കിൽ ഇതേ വീഡിയോ നിങ്ങളുടെ മറ്റു സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയക്കുമെന്ന് പറഞ്ഞുള്ള ഭീഷണി പിന്നാലെ വരും. ഇതോട് കൂടി നമ്മൾ ട്രാപ്പിലായി. പിന്നെയുള്ളത് പോലീസിനെ ബന്ധപ്പെടുക, കേസ് കൊടുക്കുക എന്നുള്ളതാണ്. അല്ലെങ്കിൽ അവർക്ക് പണം കൊടുത്ത് കീഴടങ്ങുക എന്നതാണ്. എന്നാൽ ഏറ്റവും കൂടുതൽ പേർ പണം കൊടുത്ത് കീഴടങ്ങുന്നു എന്നതാണ് വാസ്തവം.
അപമാനം നിമിത്തം പരാതി പറയാന്‍ കൂടുതല്‍ പേര്‍ തയാറല്ലെങ്കിലും ചിലരെങ്കിലും ഇതിന് തയ്യാറാകുന്നുണ്ട്. ഒരു മാസത്തിനിടെ വിവിധ ജില്ലകളിലായി പൊലിസിനു ലഭിച്ചത് 183 പരാതികളാണ്. പണവും മാനവും കവര്‍ന്നുവെന്ന് കാണിച്ചാണ് പരാതികളെത്തിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ യുവ ബിസിനസുകാര്‍ വരെ കെണിയില്‍ വീണവരില്‍പെടും. ഒരു മാസത്തിനിടെ ഇത്രയധികം പേർ പരാതി നൽകിയെന്ന് പറയുമ്പോൾ ഒരു കാര്യം കൂടി ഓർക്കണം, പരാതി പറയാതെ സഹിച്ച്, അനുഭവിച്ച് ജീവിക്കുന്നവർ ഇതിന്റെ പല മടങ്ങ് വരുമെന്ന്.
പതിനയ്യായിരം മുതല്‍ അഞ്ച് ലക്ഷം രൂപവരെ ഇത്തരത്തിൽ നഷ്ടമായവരുണ്ട്. ആദ്യതവണ ചോദിക്കുന്നത് ചെറിയ സംഖ്യകൾ ആകും. ഇങ്ങനെ ഒരുതവണ രണ്ടായിരമോ അയ്യായിരമോ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ബ്ലാക്ക് മെയിലിങ് തുടങ്ങും. ഇതോടെ കൂടുതല്‍ പണം അയച്ചുകൊടുക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയാണ്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് സൈബര്‍ പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടക്കുന്നുണ്ട്.
സാധാരണക്കാരും ടെക്കികളും ബിസിനസുകാരും ഡോക്ടര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും വിദ്യാർത്ഥികളും ഉള്‍പ്പെടെ അന്യദേശക്കാരികളായ മാദകസുന്ദരികളുടെ സൗന്ദര്യത്തില്‍ വീണ് പണവും മാനവും നഷ്ടപ്പെടുത്തി എന്നാണ് ലഭിക്കുന്ന വിവരം. സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അല്‍പ്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍. കോടികളാണ് ഇവര്‍ തട്ടിയെടുത്തത്. തട്ടിപ്പിനെത്തുന്നത് അതീവ സുന്ദരികൾ ആയതിനാൽ തന്നെ കെണിയിൽ വീണ് പോകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനും കാരണമാകുന്നു. മിക്കവരും ഫേക്ക് ഐഡികളിൽ നിന്നാണ് ബന്ധപ്പെടുന്നത് എന്നാതാണ് വാസ്തവം. മെസ്സേജ് വരുന്ന ഇത്തരം അക്കൗണ്ടുകൾ ഏതാനും ദിവസങ്ങൾക്ക് ശേഷം ഇവർ ഒഴിവാക്കുകയും ചെയ്യും.
ലോക്ക് ഡൗണില്‍ വീട്ടില്‍ അടച്ചിരുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്. ബിക്കിനിയിലും, ഷോർട്ട്സിലും, നൈറ്റ് ഡ്രസുകളിലും, സുതാര്യ വസ്ത്രങ്ങളിലും മനോഹാമായി ചിരിച്ചും ഹോട്ട് ലുക്കിലുമാണ് സമൂഹമാധ്യമങ്ങളില്‍ ഇവര്‍ ഇരകളെ തേടിയെത്തുന്നത്. ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വിഡിയോകോളിനും സൗകര്യമുള്ളതായി കാണിച്ച് മൊബൈല്‍ നമ്പര്‍ കൂടി നല്‍കും. ചിലർ ഇങ്ങോട്ട് വിളിക്കുമ്പോൾ, ചിലർ അല്പം മാന്യതയൊക്കെ അഭിനയിച്ച് നമ്മളെ കൊണ്ട് അങ്ങോട്ട് വിളിപ്പിക്കും. അങ്ങോട്ട് വിളിപ്പിക്കാനുള്ള തന്ത്രമൊക്കെ അവർ തന്നെ പയറ്റും.
സുന്ദരിമാരുടെ വലയില്‍വീണ പലരും ചാറ്റിങ്ങിനോ വിഡിയോ കോളിനോ ശ്രമിക്കും. ഇരകള്‍ വീണുവെന്ന് അറിഞ്ഞാലുടന്‍ നെറ്റ് നമ്പരുകളില്‍ നിന്ന് വിഡിയോ കോളോ, വാട്ട്‌സ് ആപ്പ് വഴി ലൈവ് ചാറ്റിങ്ങോ ആയി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകും സംസാരം. സംസാരം കുറവുള്ള കാര്യങ്ങൾ ആണ് പിന്നീട് ഉള്ളത് എന്നതിനാൽ തന്നെ ഭാഷ ആർക്കും പ്രശ്നമാകാറില്ല. വീഡിയോ കോളും കഴിഞ്ഞ് സംതൃപ്തിയായിരിക്കുന്ന സമയം, നമുക്കുള്ള കെണി അവിടെ ഒരുങ്ങുന്നുണ്ടാകും.
അതേസമയം, ഇത്തരം തട്ടിപ്പുകളെ കുറിച്ച് നിരവധി തവണ കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടും വീണ്ടും ഇത്തരം കെണികളില്‍ മലയാളികള്‍ വീഴുകയാണെന്ന് സൈബര്‍ഡോം അധികൃതര്‍ പറയുന്നു. ഓൺലൈൻ തട്ടിപ്പുകൾ വളരെയേറെ വർധിച്ച് വരികയാണ്. ഇത്തരം എല്ലാ തട്ടിപ്പുകളിലും മലയാളികൾ വീഴുന്നുണ്ട്. ഒടിപി ചോദിച്ചുള്ള തട്ടിപ്പുകൾ, ഫേക്ക് ഐഡികളുണ്ടാക്കി പണം തട്ടൽ, ഗെയിം വഴി പണം തട്ടൽ, ഓഫറുകൾ പറഞ്ഞുള്ള തട്ടിപ്പ്, ഓൺലൈൻ ഷോപ്പിങ് തട്ടിപ്പുകൾ എല്ലാം വർധിച്ച് വരുന്നതായാണ് കണക്കുകൾ. ജാഗ്രത പാലിച്ചാൽ രക്ഷപ്പെടാം.