തൃശ്ശൂര്‍: ആളൂര്‍ പീഡനക്കേസില്‍ പീഡനത്തിനിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. തൃശൂര്‍ റൂറല്‍ എസ്.പി ജി പൂങ്കുഴലി അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആളൂര്‍ സി.ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇരുവര്‍ക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
സുഹൃത്തായ യുവതി പീഡനത്തിനിരയായെന്നും പ്രതിയെ രക്ഷിക്കാന്‍ പൊലീസ് ഒത്താശ ചെയ്യുകയാണെന്നുമുള്ള ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴംഗ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പൊലീസ് പ്രതികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും മയൂഖ ജോണി ആരോപിച്ചിരുന്നു.
ആരോപണം ഉയര്‍ന്ന ദിവസമോ പിറ്റേന്നോ യുവതിയുടെ മൊഴിയെടുക്കാന്‍ പൊലീസ് എത്താതിരുന്നതിന് പിന്നാലെ മയൂഖ വീണ്ടും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. പ്രതിയുടെ കൂട്ടാളി തന്റെ വീടിന് മുന്നിലെത്തി ഭീഷണി ഉയര്‍ത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കൈമാറാന്‍ ഒരുക്കമാണെന്ന് യുവതി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു.
അതേസമയം പ്രതി ജോണ്‍സന്‍ ഒളിവിലാണെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. പ്രതിയുടെ വീട്ടിലെത്തിയ സംഘം വീട്ടുകാരുടെ മൊഴിയെടുത്തു.
കേസന്വേഷണത്തിന്റെ തുടക്കത്തില്‍ നല്ല പിന്തുണ നല്‍കിയ എസ്പി പൂങ്കുഴലി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്നും അദ്ദേഹത്തിന്റെ കീഴില്‍ നീതിപൂര്‍വമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.