മ്യൂണിച്ച്: ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ് അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ചു. യൂറോകപ്പിൽ നിന്ന് ടീം പുറത്തായതിന് പിന്നാലെയാണ് ക്രൂസിന്റെ വിരമിക്കൽ പ്രഖ്യാപനം.
“2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാൻ ഉണ്ടാവില്ലെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. പ്രധാനമായി റയൽ മാഡ്രിഡിലുള്ള എൻ്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഒരു ഭർത്താവും പിതാവും എന്ന നിലയിൽ എൻ്റെ ഭാര്യക്കും മൂന്ന് മക്കൾക്കുമായി എനിക്ക് സമയം മാറ്റിവെക്കേണ്ടതുണ്ട്.’- ക്രൂസ് ട്വിറ്ററില്‍ കുറിച്ചു.
— Toni Kroos (@ToniKroos) July 2, 2021
ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിൽ പെട്ട ക്രൂസ് ‘ദി സ്നൈപ്പർ’ എന്നാണ് അറിയപ്പെടുന്നത്. 2010ൽ അരങ്ങേറിയ ക്രൂസ് 109 അന്താരാഷ്ട്ര മത്സരങ്ങളിൽ ജഴ്‌സിയണിഞ്ഞിട്ടുണ്ട്. 17 ഗോളുകളും നേടി. 2014ൽ ലോകകപ്പ് നേടിയ ജർമൻ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു.