തൃശ്ശൂര്‍: പോലീസ് സല്യൂട്ട് ചെയ്യുന്നില്ലെന്ന തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസിന്റെ പരാതിയില്‍ പ്രതികരണവുമായി പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. പോലീസുകാർ റോഡിൽ നിൽക്കുന്നത് സല്യൂട്ട് ചെയ്യാനല്ലെന്നും മറിച്ച് ഡ്യുട്ടി ചെയ്യുക എന്നതാണ് കർത്തവ്യം എന്നും പോലീസ് അസോസിയേഷൻ വ്യക്തമാക്കി. പ്രോട്ടോക്കോളിലെ സ്ഥാനങ്ങൾ സല്യൂട്ട് ചെയ്യിപ്പിക്കാനല്ല സർക്കാർ പരിപാടികളുടെ നടത്തിപ്പിനാണെന്നും അസോസിയേഷൻ ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കി.
കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലും പൊതുനിരത്തില്‍ വെയിലും മഴയും പൊടിയുമേറ്റ് ജോലി നിര്‍വഹിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പ്രോട്ടോകോള്‍ പ്രകാരമുള്ള ആദരവ് നല്‍കണമെന്ന് കാട്ടി കത്ത് അയച്ച് ആദരവ് പിടിച്ച് വാങ്ങാന്‍ ശ്രമിക്കുമ്പോള്‍ സത്യത്തില്‍ ആദരവ് നഷ്ടപ്പെടുന്നത് പല മഹാരഥന്മാരും അലങ്കരിച്ചിരുന്ന ആ സ്ഥാനത്തിന് തന്നെയാണെന്ന് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍. പ്രശാന്ത് പറഞ്ഞു.
ഒരു വ്യക്തിയോടുള്ള/പദവിയോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുള്ള ഒരു പ്രവര്‍ത്തിയാണ് സല്യൂട്ട്. റോഡില്‍ നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ അത് വഴി കടന്ന് പോകുന്ന ഉന്നത സ്ഥാനീയരെ ആദരിക്കാന്‍ വേണ്ടി ഉപചാരപൂര്‍വ്വം നിര്‍ത്തിയിരിക്കുന്നവര്‍ അല്ല. പകരം നിരത്തിലൂടെ പോകുന്ന വാഹനങ്ങളുടെയും കാല്‍നടയാത്ര കാരുടെയും സുഗമമായ യാത്രയും സുരക്ഷയും ഉറപ്പാക്കാന്‍ നിയോഗിച്ചവര്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ട്രാഫിക് ഡ്യൂട്ടിയില്‍ വ്യാപൃതനായിരിക്കുന്ന ഉദ്യോഗസ്ഥര്‍, അത് വഴി കടന്ന് പോകുന്ന ഉന്നതരെ സല്യൂട് ചെയ്യണമെന്ന് ആരും നിര്‍ബന്ധിക്കാത്തതിനു കാരണവും ഇത് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഔദ്യോഗിക വാഹനത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നൽകുന്നില്ലെന്നാണ് മേയര്‍ എം കെ വര്‍ഗീസിന്‍റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കാണ് എം കെ വര്‍ഗീസ് പരാതി നല്‍കിയത്. പല തവണ പറഞ്ഞിട്ടും പൊലീസ് മുഖം തിരിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. മേയറുടെ പരാതി ഡിജിപി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. മേയറുടെ പരാതിയിൽ ഉചിതമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മാത്രമാണ് മേയറെ സല്യൂട്ട് ചെയ്യേണ്ടതുള്ളൂവെന്നാണ് പൊലീസിൻ്റെ വിശദീകരണം.