ന്യൂഡൽഹി: 400 മീറ്റർ ഹർഡിൽസിൽ ഒളിമ്പിക്സ് യോഗ്യത നേടുന്ന ആദ്യ മലയാളി താരമായി മലപ്പുറം സ്വദേശി എംപി ജാബിർ. മലപ്പുറം ആനക്കയം മുടിക്കോട് സ്വദേശിയാണ് 25-കാരനായ ജാബിര്‍.
2017-ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഹർഡിൽസിൽ ജാബിർ വെങ്കലം നേടിയിരുന്നു. 2019-ൽ ദോഹയിൽ സ്ഥാപിച്ച 49.13 സെക്കന്റാണ് 400 മീറ്റർ ഹർഡിൽസിലെ മികച്ച സമയം.
ജാവലിൻ ത്രോ താരം അന്നു റാണിയും സ്പ്രിന്റർ ദ്യുതി ചന്ദും ജാബിറിനൊപ്പം ഒളിമ്പിക് യോഗ്യത നേടി. റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂന്നു പേർക്കും യോഗ്യത ലഭിച്ചത്. ഒളിമ്പിക്സിനുള്ള യോഗ്യതാ മത്സരങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. യോഗ്യതാ മാർക്ക് മറികടന്നവരെ ഒഴിച്ചുനിർത്തി ശേഷിക്കുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് മൂവരും യോഗ്യത നേടിയത്.