കൊച്ചി: തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തുനായയെ ചൂണ്ടയിൽ കോർത്ത ശേഷം അടിച്ചു കൊന്ന് കടലിലെറിഞ്ഞ സംഭവത്തിൽ കേരള ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് എകെ ജയങ്കരൻ നമ്പ്യാരുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ നിർദ്ദേശിച്ചത്. കേസ് നാളെ പരിഗണിക്കും.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായിരുന്നു. പ്രായപൂർത്തിയാകാത്ത രണ്ട് പേരുൾപ്പെടെയാണ് പിടിയിലായത്. വിഴിഞ്ഞം പൊലീസാണ് ഇവരെ പിടികൂടിയത്. നായയുടെ ഉടമയുടെ പരാതിലാണ് പൊലീസ് നടപടി.
ഇന്നലെയാണ് വളർത്തുനായയെ കൊന്ന് കടലിലെറിഞ്ഞത്. ക്രൂര കൃത്യം മൊബൈലിൽ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. അടിമലത്തുറയിലെ ക്രിസ്തുരാജ് എന്നയാൾ വളർത്തിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്.
പതിവ് പോലെ കടപ്പുറത്തു കളിക്കാൻ പോയ ബ്രൂണോ കളിച്ചു കഴിഞ്ഞ് വള്ളത്തിന്റെ അടിയിൽ വിശ്രമിക്കവെയാണ് ആക്രമണം നടന്നത് എന്നാണ് വിവരം. ചൂണ്ടക്കൊളുത്തിൽ തൂക്കിയിട്ട് മരത്തടി ഉപയോഗിച്ച് നായയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. നായയെ കാണാതായതോടെ അന്വേഷിച്ച് ചെന്ന ക്രിസ്തുരാജാണ് കൊല്ലപ്പെട്ട നിലയിൽ നായയെ കണ്ടത്.
പ്രതികളില്‍ ഇവരിൽ ഒരാളെ നായ ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഇന്നലെ ഉയർന്നിരുന്നു.