കൊച്ചി: ഐഎസ്ആർഒ ചാരക്കേസിന് പിന്നിലെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ സംഘം കേസിലെ പ്രതിയായ എസ് വിജയനെ ചോദ്യം ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ വിട്ടയച്ചു.
പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴിയെടുത്ത ശേഷമായിരുന്നു വിജയന്റെ ചോദ്യം ചെയ്യൽ. രണ്ടാംപ്രതിയായ തമ്പി എസ്. ദുർഗാദത്തിന് നോട്ടിസ് നൽകിയെങ്കിലും ഇദ്ദേഹം ചോദ്യം ചെയ്യലിനു ഹാജരായില്ല.
പ്രാഥമിക ചോദ്യം ചെയ്യലാണ് കേസിൽ കഴിഞ്ഞത്. ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയാണ് വിജയൻ. ഇദ്ദേഹം ഉൾപ്പടെയുള്ളവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ വിധി പറയാൻ മാറ്റിയിരിക്കുകയാണ്.
മുൻകൂർ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ ഹൈക്കോടതി അനുവദിച്ചു. ഹര്‍ജി പരിഗണിക്കും വരെ അറസ്റ്റ് തടയണമെന്ന പ്രതികളുടെ ആവശ്യം കോടതി അനുവദിച്ചില്ല. ഒന്നാം പ്രതി വിജയൻ, രണ്ടാം പ്രതി തമ്പി എസ് ദുർഗദത് എന്നിവരാണ് ഹർജിക്കാർ.
ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണനെ ചാരക്കേസിൽ കുരുക്കാൻ പൊലീസിലെയും ഐബിയിലെയും ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കേസ്. 18 ഉദ്യോഗസ്ഥരെ പ്രതിയാക്കിയാണ് എഫ്ഐആർ. കേസിൽ നമ്പിനാരായണൻറെ മൊഴി ഇന്ന് അദ്ദേഹത്തിന്റെ വീട്ടിലെത്തി സിബിഐ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. സി.ബി.ഐ ഡിഐജി സന്തോഷ് കുമാർ ചാൽക്കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുത്തത്. രണ്ടര മണിക്കൂറിലേറെ നീണ്ടുനിന്ന മൊഴിയെടുപ്പിന് ശേഷം ആവശ്യമെങ്കിൽ വീണ്ടും മൊഴിയെടുക്കാൻ എത്തുമെന്ന് ഇവർ നമ്പി നാരായണനെ അറിയിച്ചു.