തിരുവനന്തപുരം: അനിൽ കാന്തിനെ സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുത്തു. ലോക്‌നാഥ് ബെഹ്റ ഡിജിപി സ്ഥാനത്ത് നിന്ന് ഇന്ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിയെ തെരഞ്ഞെടുത്തത്. സംസ്ഥാന മന്ത്രിസഭ യോഗമാണ് അനിൽ കാന്തിനെ ഡിജിപിയായി തെരഞ്ഞെടുത്തത്.
നിലവിൽ റോഡ് സേഫ്റ്റ് കമീഷണറായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽകാന്ത്. ഏഴ് മാസം മാത്രമാണ് അനിൽ കാന്തിന് കാലാവധിയുള്ളത്. വിവാദങ്ങളിലൊന്നും പെടാത്തത് അദ്ദേഹത്തിന് ഗുണമായി. വിജിലൻസ് എഡിജിപി, ദക്ഷിണമേഖല എഡിജിപി തുടങ്ങിയ പദവികൾ അനിൽ കാന്ത് വഹിച്ചിട്ടുണ്ട്.
അനിൽ കാന്തിന് പുറമേ വിജിലൻസ് ഡയറക്ടർ സുദേഷ് കുമാർ ഫയർഫോഴ്സ് മേധാവി ഡോ ബി സന്ധ്യ എന്നീ പേരുകളാണ് ഡിജിപി സ്ഥാനത്തേക്ക് സർക്കാറിൻെറ പരിഗണനയിലുണ്ടായിരുന്നത്. ഇതിൽ സുദേഷ് കുമാറായിരുന്നു സീനിയർ. നേരത്തെ ടോമിൻ ജെ തച്ചങ്കരി ഉൾപ്പടെയുള്ളവരുടെ പേരുകൾ കേരളത്തിൽ നിന്ന് ഡിജിപി സ്ഥാനത്തേക്കായി അയച്ചിരുന്നു. എന്നാൽ, മൂന്ന് പേരുകൾ മാത്രമാണ് യുപിഎസ്സി കേരളത്തിന് കൈമാറിയത്.