തിരുവനന്തപുരം: തലസ്ഥാനത്ത് യുബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. സജാദ്, സനൽ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇരുവരെയും ഇന്നലെ വഞ്ചിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും നിരവധി ക്രിമിനൽ കേസുകളിലും കഞ്ചാവ് – മയക്കുമരുന്ന് കേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
മയക്കുമരുന്ന്-കഞ്ചാവ് മാഫിയയുടെ വിവരങ്ങൾ പൊലീസിന് ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് ഇന്നലെയാണ് യൂബർ ടാക്‌സി ഡ്രൈവർ സമ്പത്തിനെ (35) കൊലപ്പെടുത്തിയത്. ചാക്ക ട്രാവൻകൂർ മാളിന് സമീപം വാടകക്ക് താമസിക്കുന്ന സമ്പത്തിനെ തിങ്കളാഴ്ച പുലർച്ച രണ്ടോടെയാണ് വീടിന്‍റെ അടുക്കളമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പ്രതികൾ സമ്പത്തിനെ 55 തവണ കുത്തിയാണ് കൊലപ്പെടുത്തിയത്. കാർ ഡ്രൈവറായിരുന്നെങ്കിലും സമ്പത്തിന് തലസ്ഥാനത്തെ കഞ്ചാവ് മാഫിയയുമായി ബന്ധമുണ്ടായിരുന്നു. കഞ്ചാവ് വിൽപനയുമായി ബന്ധപ്പെട്ടാണ് സമ്പത്ത് പെരുമാതുറ സ്വദേശികളായ സനൽ, സജാദ് എന്നിവരുമായി അടുക്കുന്നത്. മൂന്നുമാസം മുമ്പ് കഞ്ചാവുമായി പോകുന്നതിനിടയിൽ സനലിനെ ആറ്റിങ്ങൽ പൊലീസ് പിടികൂടിയിരുന്നു.
സമ്പത്താണ് തന്നെ ഒറ്റുകൊടുത്തതെന്ന സംശയം സനലിന് ഉണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഞായറാഴ്ച രാത്രി സമ്പത്ത് വാടകക്ക് താമസിക്കുന്ന ചാക്കയിലെ വീട്ടിലേക്ക് സൗഹൃദം നടിച്ചെത്തിയ ഇരുവരും സമ്പത്ത് നൽകിയ ഭക്ഷണവും കഴിച്ചു. തുടർന്ന് മദ്യലഹരിയിലായ മൂവരും പൊലീസിന് വിവരം ചോർത്തി നൽകിയതിനെക്കുറിച്ച് സംഭാഷണമായി. വാക്കുതർക്കത്തിനൊടുവിൽ ഇരുവരും ചേർന്ന് സമ്പത്തിനെ മർദിക്കുകയും അടുക്കളയിലിരുന്ന കത്തിയെടുത്ത് കഴുത്തിലും കാലിലും കുത്തുകയുമായിരുന്നു.