കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌ത അർജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ ആണ് ഹാജരാക്കുക.
രാമനാട്ടുകരയില്‍ അഞ്ച് പേര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സ്വര്‍ണ്ണക്കടത്തിലേക്കും അത് തട്ടിയെടുക്കുന്ന സംഘത്തിലേക്കും അതുവഴി അര്‍ജുന്‍ ആയങ്കിയിലേക്കും എത്തിയത്. കൂടാതെ പങ്കാളിത്തം സംബന്ധിച്ച ശബ്ദരേഖയും പുറത്തുവന്നിരുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ആദ്യം പിടിയിലായ മുഹമ്മദ് ഷഫീഖ് കടത്തിയ സ്വര്‍ണത്തില്‍ രണ്ടരക്കിലോ അര്‍ജുന്‍ ആയങ്കിക്ക് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കിയോട് ഹാജരാവാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. ഫോൺ രേഖ അടക്കമുള്ള തെളിവുകൾ ശേഖരിച്ച ശേഷമാണ് കസ്റ്റംസ് അർജുനെ അറസ്റ്റ് ചെയ്തത്. അതേസമയം കസ്റ്റംസ് കസ്റ്റഡിയിലുള്ള മുഹമ്മദ് ഷഫീഖിനെ ഇന്ന് കൊച്ചിൽ എത്തിച്ച് അർജുനൊപ്പം ചോദ്യം ചെയ്യും.

















