കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസന്‍സ് പുതുക്കുന്നതിനും അഡ്രസ് മാറ്റുന്നതിനും ഓണ്‍ലൈന്‍ സംവിധാനം ഒരുക്കി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. parivahan.gov.in എന്ന വെബ്‌സൈറ്റിലൂടെ നല്‍കിയിരുന്ന അപേക്ഷകള്‍ക്കാണ് പൂര്‍ണമായും ഓണ്‍ലൈനില്‍ തന്നെ പരിഹാരമാകുന്നത്. അപേക്ഷകന്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ലാത്ത സേവനങ്ങളാണ് പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേന സാധ്യമാക്കുന്നതെന്നാണ് വിവരം.
ജനങ്ങള്‍ നല്‍കുന്ന അപേക്ഷകള്‍ ആപ്ലിക്കേഷന്റെ സീനിയോരിറ്റി അനുസരിച്ച് നടപടി പൂര്‍ത്തിയാക്കുന്നതാണ് ഈ സേവനത്തിന്റെ പ്രധാന നേട്ടം. സീനിയോരിറ്റിയെ മറ്റ് സംവിധാനങ്ങളിലൂടെ മറികടക്കാന്‍ സാധിക്കാത്ത ഫസ്റ്റ കം ഫസ്റ്റ് സേര്‍വ് (എഫ്.സി.എഫ്.എസ്) സംവിധാനമാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്‍ എഫ്.സി.എഫ്.എസ്. സര്‍വീസ് ആദ്യമായി നടപ്പാക്കുന്നത് കേരളാ മോട്ടർ വാഹന വകുപ്പാണ്.
ലൈസന്‍സ് പുതുക്കുന്നതിനും മറ്റുമായി നിലവിലുള്ള ലൈസന്‍സിന്റെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെയും യഥാര്‍ഥ കോപ്പി തന്നെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ ശ്രദ്ധിക്കണം. അതേസമയം, മേല്‍വിലാസം തെളിയിക്കുന്നതും മറ്റുമായ വിവരങ്ങളുടെ ഒറിജിനല്‍ രേഖയോ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ ആണ് ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്കില്‍ പറയുന്നു.
പുതുക്കുന്നതിനായി സമര്‍പ്പിക്കുന്ന രേഖകള്‍ സത്യസന്ധവും, പൂര്‍ണവുമാണെന്ന് അപേക്ഷകന്‍ ഉറപ്പ് വരുത്തണം. ഇതിനുപുറമെ, ഈ രേഖകളുടെ ഒറിജിനല്‍ അപേക്ഷകന്‍ സ്വന്തം കൈവശം സൂക്ഷിക്കുകയും ചെയ്യണം. ഏതെങ്കിലും സാഹചര്യത്തില്‍ സംശയ നിവാരണത്തിനും മറ്റുമായി ലൈസന്‍സിങ്ങ് അതോറിറ്റി ആവശ്യപ്പെട്ടാല്‍ ആ രേഖകള്‍ ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കാന്‍ അപേക്ഷകന്‍ ബാധ്യസ്ഥനാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.
ലഭിക്കുന്ന അപേക്ഷകള്‍ മുന്‍ഗണന ക്രമത്തില്‍ സര്‍വീസ് നടത്തി പുതിയ ലൈസന്‍സ് അപേക്ഷകന് സ്പീഡ് പോസ്റ്റില്‍ അയച്ച് നല്‍കുന്നതാണ്. ഇതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് ഓണ്‍ലൈനായി തന്നെ മടക്കി നല്‍കാന്‍ സാധിക്കും. സേവനങ്ങള്‍ ഉപയോഗിച്ചവര്‍ക്ക് അപേക്ഷയുടെ സ്റ്റാറ്റസ് അറിയാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. ഈ സേനത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ https://fb.watch/6mUs7h6CBJ/ എന്ന ലിങ്ക് സന്ദര്‍ശിക്കുക.