കൊച്ചി: അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ നടപടികള്‍ക്കെതിരെ ലക്ഷദ്വീപില്‍ ഇന്ന് ‘ഓലമടല് സമരം’. തെങ്ങില്‍ നിന്ന് വീഴുന്ന ഓല കൂട്ടിയിട്ടാല്‍ പിഴയീടാക്കാനുള്ള ഉത്തരവിലാണ് ജനങ്ങളുടെ വേറിട്ട പ്രതിഷേധം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ രാവിലെ 9 മുതൽ 10 വരെയാണ് സമരം നടത്തുന്നത്.
ചവറ് സംസ്കരണത്തിന് സംവിധാനം ഒരുക്കുക, പിഴ നിർത്തലാക്കുക, ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് സ്വന്തം എന്നിങ്ങനെ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരിക്കും പ്രതിഷേധം. ഓലയും മടലുമടക്കമുള്ളവ പരിസരങ്ങളിൽ ശ്രദ്ധയിൽപെട്ടാൽ മാലിന്യ സംസ്കരണം നടത്താത്തതിന് നടപടിയെടുക്കുമെന്ന അധികൃതരുടെ ഉത്തരവിനെതിരെയാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. മാലിന്യ സംസ്കരണത്തിന് സംവിധാനമൊരുക്കാതെയുള്ള ഉത്തരവ് അശാസ്ത്രീയമാണെന്ന് ജനങ്ങൾ വ്യക്തമാക്കുന്നു. ഓലമടൽ കത്തിക്കരുതെന്നും റോഡിൽ ഇറങ്ങി സമരം ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.