കൊച്ചി: രാമനാട്ടുകര സ്വർണ്ണക്കവര്‍ച്ചാ കേസിലെ മുഖ്യകണ്ണിയെന്ന് കരുതപ്പെടുന്ന അർജുൻ ആയങ്കി ഇന്ന് കസ്റ്റംസിന് മുന്നിൽ ഹാജരായേക്കും. രാവിലെ 10.30 ന് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടിസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.
രണ്ടര കിലോയോളം സ്വർണ്ണം കടത്തിയതിന് കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിഅലായ ഷഫീഖിന്‍റെ മൊഴി പ്രകാരം അർജുൻ ആണ് സ്വർണക്കടത്തിലെ മുഖ്യ ആസൂത്രകൻ. മുഹമ്മദ് ഷഫീഖ് കാരിയർ മാത്രമായിരുന്നു എന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. മുഹമ്മദ് ഷഫീഖിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനും കസ്റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്.
അതേസമയം സ്വർണക്കവർച്ച ആസൂത്രണ കേസില്‍ കൊടുവള്ളി സംഘത്തിലെ രണ്ട് പേരാണ് നിലവില്‍ പൊലീസ് പിടിയിലായത്. കൊടുവള്ളി സ്വദേശി ഫിജാസും മഞ്ചേരി സ്വദേശി ശിഹാബും. ഇവരില്‍ നിന്ന് വിവരം ശേഖരിച്ച് കൊടുവള്ളി സംഘത്തിലെ മറ്റുള്ളവരെക്കൂടി കണ്ടെത്താനാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അഷ്റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ ശ്രമം.