കണ്ണുര്‍: കരിപ്പൂര്‍ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒളിവിലുള്ള ആര്‍ജുന്‍ ആയങ്കി ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി. കണ്ണൂര്‍ പരിയാരം കുളപ്പുറത്ത് ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് കാര്‍ കണ്ടെത്തിയത്. കാറിന്റെ നമ്പര്‍ പ്ലേറ്റുകള്‍ അഴിച്ചുമാറ്റിയ നിലയിലാണ്. സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗം സി സജേഷ് നൽകിയ കാറാണ് കണ്ടെത്തിയത്.
അര്‍ജുന്‍ ആയങ്കിക്ക് വാഹനം എടുത്ത് നല്‍കിയതിന് സജേഷിനെ പാര്‍ട്ടി ഇന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഒരുവര്‍ഷത്തേക്കാണ് പാര്‍ട്ടി അംഗത്വം സസ്‌പെന്റ് ചെയ്തത്. സിപിഎം മൊയ്യാരം ബ്രാഞ്ച് അംഗമായിരുന്നു സജേഷ്. സജേഷിന് ജാഗ്രതക്കുറവ് ഉണ്ടായതായാണ് പാര്‍ട്ടി വിലയിരുത്തല്‍. നേരത്തെ ഡിവൈഎഫ്‌ഐയും സജേഷിനെ പുറത്താക്കിയിരുന്നു.
സജേഷിന്റെ വാഹനത്തിലാണ് അര്‍ജുന്‍ സ്വര്‍ണം കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നേരത്തെ കണ്ണൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ വാഹനം തന്റെതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയതാണെന്നും പിന്നിട് തിരികെ നല്‍കിയില്ലെന്നും സജേഷ് പരാതിയില്‍ വ്യക്തമാക്കിയിരുന്നു.