ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ തൂങ്ങിമരിച്ച നവവധു സുചിത്ര നേരിട്ടതു കടുത്ത സ്ത്രീധന പീഡനമെന്നാണ് കുടുംബം ആരോപിക്കുന്നത്. സുചിത്രയുടെ സൈനികനായ ഭര്‍ത്താവ് ജോലിസ്ഥലത്തേക്കു തിരികെ പോയതോടെ ഭര്‍ത്താവിന്‍റെ അമ്മ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും സുചിത്രയുടെ മാതാപിതാക്കൾ പരാതിയിൽ പറയുന്നു. വിവാഹത്തിനു ശേഷം 10 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് സമ്മര്‍ദത്തിലാക്കിയെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഓച്ചിറ സ്വദേശിനിയായ സുചിത്രയെ ആലപ്പുഴ വള്ളികുന്നത്ത് ഭര്‍ത്താവ് വിഷ്ണുവിന്‍റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെറും 19 വയസ് മാത്രമായിരുന്നു സുചിത്രക്ക് .വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയുന്ന ദിവസം ആയിരുന്നു സുചിത്രയുടെ മരണം.വിവാഹത്തിനു സ്ത്രീധനമായി 51 പവനും സ്കൂട്ടറുമായിരുന്നു സുചിത്രയുടെ വീട്ടുകാർ വാഗ്ദാനം നൽകിയിരുന്നത്. സ്കൂട്ടര്‍ പോര കാർ വേണമെന്ന ആവശ്യത്തിനും സുചിത്രയുടെ വീട്ടുകാർ വഴങ്ങി കാര് നൽകി.
എന്നാൽ വിവാഹം കഴിഞ്ഞതോടെ 10 ലക്ഷം രൂപകൂടി വിഷ്ണുവിന്റെ വീട്ടുകാർ ആവശ്യപ്പെടുകയായിരുന്നു. പണം നൽകിയാൽ വീടിനും സ്ഥലത്തിനും സുചിത്രയ്‌ക്ക് കൂടി അവകാശം കാണിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടിരുന്നു. ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് വിഷ്‌ണുവിന്റെ രക്ഷിതാക്കൾ പിൻവാങ്ങുകയായിരുന്നു. വിവാഹശേഷം കടംതീർക്കാനും പണം ആവശ്യപ്പെട്ടിരുന്നു. കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്ക് ശേഷം സുചിത്രയുടെ ആഭരണങ്ങളിൽ കുറച്ചു വിഷ്ണുവിന്റെ വീട്ടുകാർ പണയം വച്ചു. ബാക്കി ഉള്ള സ്വര്‍ണം ലോക്കറില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നം കൂടുതൽ വഷളയത്. ഇതേച്ചൊല്ലി വിവാഹദിവസം ഭർതൃമാതാവ് സുചിത്ര കല്യാണത്തിന് നൽകിയ വള ഊരി സുചിത്രയുടെ മുഖത്തെറിഞ്ഞതായും ബന്ധുക്കൾ പറയുന്നുണ്ട്.സൈനികനായ ഭര്‍ത്താവ് ഉത്തരാഖണ്ഡിലേക്ക് മടങ്ങിയതോടു കൂടി മകള്‍ സുചിത്ര വിഷ്ണുവിന്റെ വീട്ടുകാരിൽ നിന്ന് കൂടുതല്‍ പീഡനങ്ങൾ നേരിട്ടുവെന്നും സുചിത്രയുടെ അമ്മ പറഞ്ഞു.പല ഘട്ടങ്ങളിലും ഇക്കാര്യങ്ങൾ സുചിത്ര അമ്മയെ ഫോണിൽ വിളിച്ചു അറിയിച്ചിരുന്നു.
കൊല്ലം ശാസ്തംനടയിൽ ഭർത്താവിന്റെ പീഡനം സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്ത വിസ്മയയുടെ മരണ വാര്‍ത്ത കണ്ടു സുചിത്രയുടെ അമ്മ ഭയന്നിരുന്നു. സ്വന്തം മകളും ഇതേ അവസ്ഥയിൽ ആയതുകൊണ്ട് ആത്മഹത്യ വല്ലതും ചെയ്തേക്കുമെന്ന ഭയവും സുചിത്രയുടെ അമ്മക്ക് ഉണ്ടായിരുന്നു.അതുകൊണ്ടു തന്നെ വിസ്മയുടെ മരണവാർത്ത കണ്ടു മകളെ വിളിച്ചപ്പോള്‍ താന്‍ അങ്ങനെയൊന്നും ചെയ്യില്ലെന്ന് സുചിത്ര ഉറപ്പു നല്‍കിയിരുന്നു. എന്നാൽ സുചിത്ര അമ്മക്ക് നൽകിയ ഉറപ്പ് വെറുതെയായി. സുചിത്ര മരിക്കുന്നതിന് തൊട്ടുമുമ്പ് അമ്മയെ വിളിച്ചെങ്കിലും അമ്മക്ക് എടുക്കാൻ കഴിഞ്ഞിരുന്നില്ല. കിടപ്പു മുറിയിൽ ആണ് സുചിത്രയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
എന്നാൽ 20 വയസിനു മുന്‍പ് കല്യാണം നടന്നില്ലെങ്കില്‍ വിവാഹം വൈകുമെന്ന ജാതകം കാരണമാണ് പ്ലസ്ടൂ കഴിഞ്ഞപാടേ സുചിത്രയെ കല്യാണം കഴിപ്പിച്ചയച്ചത്. മാർച്ച് 21നായിരുന്നു വള്ളികുന്നം കടുവിനാൽ ലക്ഷ്‌മിഭവനിൽ കരസേന ഉദ്യോഗസ്ഥനായ വിഷ്‌ണുവുമായുള്ള വിവാഹം. സുചിത്ര മരിക്കുന്ന ദിവസം രാവിലെ സംശയാസ്‌പദമായി ഒരാൾ വള്ളികുന്നത്തെ വിഷ്ണുവിന്റെ വീട്ടിൽ എത്തിയിരുന്നതായും ബസുക്കൾ ആരോപിക്കുന്നുണ്ട്.