ന്യൂഡൽഹി: കോവിഡ് വ്യാപനം നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിൽ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. ഒക്ടോബര്‍ 17നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഫൈനല്‍ നവംബര്‍ 14 ന് നടക്കും. യുഎയില്‍ നടക്കുന്ന ഐപിഎൽ അവസാനിക്കുന്നതിനു തൊട്ടടുത്തുതന്നെ ലോകകപ്പും ആരംഭിക്കും. ഐപിഎലിലെ ശേഷിച്ച മല്‍സരങ്ങള്‍ അവസാനിക്കുന്നത് ഒക്ടോബര്‍ 15നാണ്. സെപ്റ്റംബർ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
16 ടീമുകളാണ് ലോകകപ്പില്‍ പങ്കെടുക്കുന്നത്. ആദ്യ റൗണ്ടില്‍ 12 മല്‍സരങ്ങളാണുള്ളത്. ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലൻഡ്, നെതർലൻഡ്, സ്കോട്ട്ലൻഡ്, നമീബിയ, ഒമാന്‍, പപ്പുആ ന്യൂ ഗനിയാ എന്നീ ടീമുകള്‍ രണ്ട് ഗ്രൂപ്പിലായി കളിക്കും. രണ്ട് ഗ്രൂപ്പില്‍ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. സൂപ്പര്‍ 12ല്‍ 30 മല്‍സരങ്ങളാണുള്ളത്. ഒക്ടോബര്‍ 24മുതലാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ ആരംഭിക്കുക. യുഎഇ, അബുദാബി, ഷാര്‍ജ എന്നിവടങ്ങളിലായാണ് സൂപ്പര്‍ 12 മല്‍സരങ്ങള്‍ അരങ്ങേറുക.