തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനം എംസി ജോസഫൈൻ രാജിവെച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്ന് വിഷയം ചർച്ച ചെയ്തിരുന്നു. വിവാദത്തിൽ ജോസഫൈൻ വിശദീകരണം നൽകിയെങ്കിലും നേതൃ തലത്തിൽ പിന്തുണ ലഭിച്ചിരുന്നില്ല. പതിനൊന്ന് മാസം കാലാവധി അവശേഷിക്കുമ്പോഴാണ് ജോസഫൈന്റെ രാജി.
പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടായ പ്രതികരണമാണ് ജോസഫൈന്റേതെന്ന് വിമർശനം ഉയർന്നു. സ്ഥാനം രാജിവെക്കണമെന്ന് പാർട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിൽ സിപിഎം നേതൃ തലത്തിൽ ആരുടെയും പിന്തുണ ലഭിച്ചിരുന്നില്ല. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി റഹീം മാത്രമാണ് രാജിവെക്കേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടത്.
ജോസഫൈന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്തെമ്പാടും പ്രതിഷേധങ്ങൾ ഉയർന്ന ഘട്ടത്തിലാണ് രാജിയിലേക്ക് പോകുന്നത്. ഒരു വാർത്താ ചാനലിൽ തത്സമയ പരിപാടിയിലാണ് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ അപമര്യാദയായി പെരുമാറിയത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പാർട്ടി കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജ ടീച്ചറക്കം പരോക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.