സതാംപ്റ്റൺ: ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലന്റിന്റെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ അഞ്ചു വിക്കറ്റിന് 135 റൺസെന്ന നിലയിലാണ് ന്യൂസീലന്റ്. നായകന്‍ കെയിന്‍ വില്യംസണ്‍ (19), ഗ്രാന്‍ഡ്‌ഹോം(0) എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. ഇന്ത്യയുടെ സ്കോറിനൊപ്പമെത്താൻ കിവീസിന് ഇനിയും 82 റൺസ് വേണം.
മഴയെ തുടര്‍ന്ന് വൈകി ആരംഭിച്ച മത്സരത്തില്‍ ഇന്ത്യക്കായി ആദ്യ വിക്കറ്റ് വീഴ്‌ത്തിയത് മുഹമ്മദ് ഷമിയാണ്. റോസ് ടെയ്‌ലറാണ് (11) പുറത്തായത്. ഷമിയുടെ പന്തില്‍ ശുഭ്മാന്‍ ഗില്‍ മികച്ച ക്യാച്ചെടുത്ത് പുറത്താക്കി. തുടര്‍ന്ന് എത്തിയ ഹെന്‍റി നിക്കോള്‍സ് 7 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇശാന്ത് ശര്‍മ്മയുടെ പന്തില്‍ രോഹിത് ശര്‍മ്മയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. വാട്‌ലിംഗ് ഒരു റണ്‍ മാത്രം കൂട്ടിച്ചേര്‍ത്ത് ഷമിയുടെ പന്തില്‍ പുറത്തായി.
30 റൺസെടുത്ത ടോം ലാഥത്തിന്റേയും 54 റൺസെടുത്ത ഡെവോൺ കോൺവേയുടേയും വിക്കറ്റുകൾ മൂന്നാം ദിവസം നഷ്ടമായിരുന്നു. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും 70 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 217 റൺസിന് പുറത്തായിരുന്നു.
ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂർണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നു.