കടയ്ക്കാവൂരിൽ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമെന്ന് പൊലീസ്.ഇതുസംബന്ധിച്ച റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ നൽകി. മകന്റെ മൊഴി വിശ്വസനീയമല്ലെന്നും വൈദ്യ പരിശോധനയിൽ പീഡനത്തിന്റെ സൂചനയില്ലെന്നും കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
കടക്കാവൂരിൽ 13 കാരനായ മകനെ അമ്മ പീഡിപ്പിച്ചെന്നായിരുന്നു പരാതി. വിവാഹബന്ധം വേർപ്പെട്ട ശേഷം ഭർത്താവായിരുന്നു പരാതി നൽകിയത്.13 കാരനായ മകനെ അമ്മ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് കേസ്. പോക്സോ കുറ്റം ചുമത്തി അമ്മയെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. പക്ഷേ പിന്നീട് പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടെന്നു ചൂണ്ടിക്കാട്ടി അമ്മയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും നിർദേശിച്ചു.അമ്മയ്ക്കെതിരെ ഇത്തരം നീചമായ ആരോപണങ്ങൾ ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും പ്രേരിപ്പിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ നിയമാനുസൃതം അവർക്കെതിരെ കേസെടുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.