മഴക്കാലത്തെ ഏറ്റവുംെ വലിയ വെല്ലുവിളിയാണ് വൈദ്യുത കമ്പികള്‍ പൊട്ടി വീഴുന്നത്. എവിടെയാണ് എപ്പോഴാണ് ഇത് പൊട്ടുന്നതെന്ന് ആര്‍ക്കും മുന്‍കൂട്ടി പറയാനാകില്ല. അതുകൊണ്ട് ജനങ്ങള്‍ സൂക്ഷിച്ച് വേണം പുറത്തേക്കിറങ്ങാനെന്ന മുന്നറിയിപ്പുമായി KSEB. നിലവില്‍ തുടരുന്ന മഴയും കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍, ഇതുവരെ വൈദ്യുത കമ്പി പൊട്ടി വീണ് അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിാവിലെ ജോലിക്കിറങ്ങുന്നവരാണ് ഏറെയും സൂക്ഷിക്കേണ്ടതെന്ന് KSEB അധികൃര്‍ പറയുന്നു. KSEBയുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
മുന്നറിയിപ്പ്
പലയിടങ്ങളിലും തീവ്രമായ കാറ്റും മഴയും ഉണ്ട്. അതിരാവിലെ പത്രവിതരണത്തിനും പാല് വിതരണത്തിനും റബ്ബര്‍ ടാപ്പിങ്ങിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പുറത്തിറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. രാത്രികാലങ്ങളില്‍ മരം വീണും മറ്റും വൈദ്യുത കമ്പികള്‍ പാതയോരത്തും വെള്ളക്കെട്ടുകളിലും പൊട്ടി കിടക്കാന്‍ സാധ്യതയുണ്ട്.
വൈദ്യുതി കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ അസ്വാഭാവികമായി താഴ്ന്നുകിടക്കുന്നതോ ശ്രദ്ധയില്‍പ്പെട്ടാല്‍ യാതൊരു കാരണവശാലും അവയുടെ സമീപത്തേക്ക് പോകരുത്. ലൈനുകളില്‍ സ്പര്‍ശിക്കാനോ അവ നീക്കാന്‍ ശ്രമിക്കാനോ പാടില്ല. പൊട്ടിക്കിടക്കുന്ന വൈദ്യുതി കമ്പിയില്‍ മാത്രമല്ല, അതിന്റെ സമീപ പ്രദേശങ്ങളിലും വൈദ്യുത പ്രവാഹമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത വേണം. പൊട്ടിയ വൈദ്യുതി ലൈന്‍ വെള്ളത്തില്‍ വീണുകിടക്കുകയാണെങ്കില് ആ വെള്ളത്തില്‍ സ്പര്‍ശിക്കരുത്.
ഇത്തരം സാഹചര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ സമീപത്തെ കെ.എസ്.ഇ.ബി. സെക്ഷന്‍ ഓഫീസിലോ കെ.എസ്.ഇ.ബിയുടെ അടിയന്തര സഹായ നമ്പറായ 94 96 01 01 01-ലോ വിവരം അറിയിക്കണം. വൈദ്യുതി ലൈന്‍ അപകടാവസ്ഥയില്‍ കാണുകയാണെങ്കില്‍ അതിന്റെ സമീപത്തേക്ക് ആരെയും പോകാന്‍ അനുവദിക്കരുത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി സുരക്ഷിതമാക്കുന്നതുവരെ മറ്റുള്ളവര്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വൈദ്യുതി തകരാര്‍ സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ 1912 എന്ന 24/7 ടോള്‍ഫ്രീ കസ്റ്റമര്‍കെയര്‍ നമ്പരിലോ സെക്ഷന്‍ ഓഫീസിലോ വിളിക്കാവുന്നതാണ്. 9496001912 എന്ന നമ്പരിലും കോള്‍/ വാട്സാപ് വഴി പരാതി അറിയിക്കാം
പൊട്ടിയ വൈദ്യുതി ലൈനില്‍ തട്ടി ആര്‍ക്കെങ്കിലും വൈദ്യുതാഘാതമേല്‍ക്കുകയാണെങ്കില്‍, അപകടത്തില്‍പ്പെട്ട വ്യക്തിയെ നേരിട്ട് സ്പര്‍ശിക്കരുത്. പകരം ഉണങ്ങിയ മുളയോ മരക്കമ്പോ പോലുള്ള വൈദ്യുതി കടത്തിവിടാത്ത വസ്തു ഉപയോഗിച്ച് ലൈനില്‍ നിന്ന് മാറ്റി, പ്രഥമ ശുശ്രൂഷ നല്കിയ ശേഷം എത്രയും വേഗം സമീപത്തെ ആശുപത്രിയിലെത്തിക്കണം.
ജാഗ്രത പുലര്‍ത്താം, സുരക്ഷിതരായിരിക്കാം.















