തിരുവനന്തപുരം: ഇന്ധനവില വർധനവിനെതിരെ നാളെ സംസ്ഥാനത്തെ നിരത്തുകൾ 15 മിനിറ്റ് നിശ്ചലമാകും. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരത്തിന്റെ ഭാഗമായി പകൽ 11 മുതൽ 11.15 വരെ നിരത്തിലുള്ള മുഴുവൻ വാഹനങ്ങളും നിർത്തിയിട്ട് പ്രതിഷേധിക്കും.
ബസ് ഓപ്പറേറ്റർമാരുടെ സംഘടനകളും ലോറി ഓപ്പറേറ്റേഴ്സ് അസോസിയേഷനും സമരത്തിൽ പങ്കെടുക്കുമെന്ന് സമരസമിതി ഭാരവാഹികൾ അറിയിച്ചു. വാഹനങ്ങൾ എവിടെയാണോ, അവിടെ നിർത്തിയിട്ടാണ് സമരം.
മുഴുവന്‍ വാഹന ഉടമകളും തൊഴിലാളികളും സമരവുമായി സഹകരിക്കണമെന്ന് സി.െഎ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അഭ്യര്‍ഥിച്ചു. കോവിഡ് കാരണം ജോലിയും കൂലിയും ഇല്ലാതെ നട്ടംതിരിയുന്നതിടയിലാണ് ഇടിത്തീപോലെ പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിക്കുന്നത്. ദുരന്തകാലത്ത് ജനങ്ങളെ സഹായിക്കുന്നതിനുപകരം അവരുടെ ജീവന്‍ ഊറ്റിക്കുടിക്കുന്ന രക്തരക്ഷസായി മോദി സര്‍ക്കാര്‍ മാറുെന്നന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ, ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പ്രതിഷേധത്തിന്റെ ഭാഗമാകും. ആംബുലൻസിന് യാത്രാസൗകര്യം സമര വളന്റിയർമാർ ഉറപ്പുവരുത്തും. പെട്രോൾ, ഡീസൽ വിലവർധന റോഡ് ട്രാൻസ്പോർട്ട് വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചതായി സംയുക്ത സമരസമിതി ഭാരവാഹികൾ പറഞ്ഞു.
ഒരാഴ്ചക്കിടെ നാലാം തവണയും ഇന്ധന വില വര്‍ധിച്ചതോടെ സംസ്ഥാനത്ത് സാധാരണ പെട്രോള്‍ വിലയും സെഞ്ച്വറിയിലേക്ക് അടുക്കുകയാണ്. തിരുവനന്തപുരത്ത് ഞായറാഴ്ച പെട്രോള്‍ വില 99.20 രൂപയായി. ഡീസല്‍ ലിറ്ററിന് 94.47 രൂപ. പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ 97.38, 92.76, കോഴിക്കോട് 97.69, 93.93 എന്നിങ്ങനെയാണ് യഥാക്രമം പെട്രോള്‍, ഡീസല്‍ വില. ഒരാഴ്ചക്കിടെ നാലുതവണയായി പെട്രോളിന് 1.10 പൈസയും ഡീസലിന് 1.04 പൈസയും കൂടി.