കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോട്ട പട്ടേലിന് എതിരായ പരാമര്‍ശത്തില്‍ സിനിമാപ്രവര്‍ത്തക ആയിഷ സുൽത്താനയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും നോട്ടീസ് നൽകി ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
ലക്ഷദ്വീപ് എസ്.എസ്.പി ഓഫീസിൽ ശരത് സിംഗ് ഐപിഎസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. രണ്ട് മണിക്കൂറില്‍ അധികം ചോദ്യം ചെയ്യല്‍ നീണ്ടു. നാല് ദിവസം കൂടി കവരത്തിയില്‍ തുടരാന്‍ പൊലീസ് ആയിഷയോട് ആവശ്യപ്പെട്ടു. അതിനിടയില്‍ ഒരു ദിവസം ഒരു പ്രാവശ്യം കൂടി ചോദ്യം ചെയ്‌തേക്കും.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയാലും ഐഷയെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ടായിരുന്നു. അഭിഭാഷകനൊപ്പമാണ് ഐഷ എസ്എസ്പി ഓഫീസിൽ ഹാജരായത്.
തിരിച്ചും മറിച്ചും പൊലീസ് ചോദ്യം ചെയ്‌തെന്നും എന്നാല്‍ ബയോ വെപ്പണ്‍ പരാമര്‍ശം രാജ്യദ്രോഹപരമല്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനിന്നെന്നും ആയിഷ സുല്‍ത്താന പറഞ്ഞു.