കൊച്ചി: സംസ്ഥാന ബിജെപി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശവുമായി ആർഎസ്എസ്. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലടക്കം ഉണ്ടായ പാളിച്ചകളിൽ സംസ്ഥാനനേതൃത്വത്തിന് കാര്യമായ വീഴ്ച പറ്റിയെന്നും, അനാവശ്യവിവാദങ്ങളിൽച്ചെന്ന് വീണെന്നും കൊച്ചിയിൽ നടക്കുന്ന ആർഎസ്എസ്- ബിജെപി നേതൃയോഗത്തില്‍ വിമർശനമുയർന്നു.
നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം, കൊടകര കുഴല്‍പ്പണ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെ ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി ചേര്‍ന്ന് സംഘടനാ വിഷയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി-ആര്‍എസ്എസ് നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.
തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ ഏകോപനം മൊത്തത്തിൽ പാളിയെന്ന വിലയിരുത്തലാണ് യോഗത്തിലുയർന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അനാവശ്യവിവാദമുണ്ടാക്കി – ഇതെല്ലാം തോൽവിയായി പ്രതിഫലിച്ചെന്നും യോഗത്തിൽ വിമർശനങ്ങളുയർന്നു.
തിരഞ്ഞെടുപ്പ് വേളയില്‍ കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉള്‍പ്പെടെ ജനങ്ങളില്‍ എത്തിക്കുന്ന തരത്തില്‍ ശക്തമായ പ്രചാരണം ബിജെപിക്ക് സംഘടിപ്പിക്കാനായില്ല. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട അനാവശ്യ തര്‍ക്കങ്ങളും വീഴ്ചകളും കോട്ടമുണ്ടാക്കി. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണമായി പലഘട്ടങ്ങളിലും ഉയര്‍ന്നുവന്നത് നേതാക്കളുടെ വിഭഗീയതയാണെന്നും ആര്‍എസ്എസ് വിമര്‍ശിച്ചു. ഓരോ നേതാക്കളുടെയും പ്രവർത്തനം വിലയിരുത്തി വിശദമായ സംഘടനാ ഓഡിറ്റിംഗ് വേണമെന്ന സംഘപരിവാർ സംഘടനകളുടെ ആവശ്യവും യോഗം വിശദമായി ചർച്ച ചെയ്തു. ഇതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ സംഘടനാ ഓഡിറ്റിങ് ഉണ്ടാകും.
നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന സംവിധാനം രൂപീകരിക്കാനാണ് നീക്കം. സാമ്പത്തിക കാര്യങ്ങളിലും പരിശോധനാ സംവിധാനം ഉണ്ടായേക്കും. വിവിധ പരിവാര്‍ സംഘടനകളുടെ ആവശ്യംകൂടി പരിഗണിച്ചാണ് ആര്‍എസ്എസ് ഇതു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ബിജെപിയിലെ നിലവിലെ വിവാദങ്ങളിൽ സംഘ പരിവാർ സംഘടനകൾ, ആർഎസ്എസ് നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു. കൊടകര കുഴൽപ്പണക്കേസ്, സി കെ ജാനുവിന് കെ സുരേന്ദ്രൻ വയനാട്ടിൽ മത്സരിക്കാനായി കോഴപ്പണം നൽകിയെന്ന പ്രസീത അഴീക്കോടിന്‍റെ വെളിപ്പെടുത്തൽ, മഞ്ചേശ്വരത്തെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറാൻ കെ സുരേന്ദ്രന്‍റെ അനുയായികൾ അടക്കമുള്ളവർ 2016-ൽ കെ സുന്ദരയ്ക്ക് പണം നൽകുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളിലടക്കം പാർട്ടി പ്രതിരോധത്തിലായ പശ്ചാത്തലത്തിലാണ് ആർഎസ്എസ് ഇടപെട്ട് നേതൃയോഗം വിളിച്ചത്.















