സുൽത്താൻ ബത്തേരി: തെരഞ്ഞടുപ്പിൽ മത്സരിക്കാൻ സി കെ ജാനുവിന് കെ സുരേന്ദ്രൻ 50 ലക്ഷം കോഴ നൽകിയെന്ന കേസിൽ സുൽത്താൻ ബത്തേരി പോലീസ് പ്രാരംഭ നടപടികൾ തുടങ്ങി. കേസുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലേക്ക് എംഎസ്എഫ് സംസ്ഥാന അധ്യക്ഷൻ പി കെ നവാസിനെ വിളിച്ചു വരുത്തി പൊലീസ് മൊഴിയെടുത്തു.
കെ സുരേന്ദ്രൻ നൽകിയ പണം സി കെ ജാനു സിപിഎമ്മിന് കൈമാറിയെന്ന് പി കെ നവാസ് പൊലീസിന് മൊഴി നൽകി. 45000 രൂപ കൽപറ്റയിലെ കേരള ബാങ്കിലെത്തി മുൻ എംഎൽഎ സി കെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് സി കെ ജാനു കൈമാറിയെന്നാണ് നവാസിൻ്റെ മൊഴി.
കേസിൽ ഇനി ആരുടെയൊക്കെ മൊഴി എടുക്കേണ്ടതുണ്ട് എന്ന കാര്യത്തിൽ പൊലീസ് ഉടനെ തീരുമാനമെടുക്കും. സുരേന്ദ്രൻ ജാനുവിന് പണം നൽകിയെന്ന് ആരോപണമുന്നയിച്ച ജെ ആർ പി നേതാക്കളായ പ്രസീദ പ്രകാശൻ ബാബു എന്നിവരുടെ മൊഴി എടുക്കും എന്നാണ് സൂചന.
കൽപ്പറ്റ കോടതിയുടെ ഉത്തരവിനെ തുടർന്ന് ഇന്നലെയാണ് ബത്തേരി പോലീസ് സുരേന്ദ്രനെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. എഫ്ഐആർ പ്രകാരം കെ സുരേന്ദ്രൻ ഒപ്പം സി കെ ജാനുവും പ്രതിയാണ്.

















