കൊച്ചി: ബ്രണ്ണൻ കോളേജിലെ പഠന കാലത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി താഴെയിട്ടു എന്ന പരാമർശത്തിൽ വിശദീകരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞ കാര്യങ്ങൾ മനോരമ ലേഖകൻ അഭിമുഖത്തിൽ ഉൾപ്പെടുത്തുകയായിരുന്നു. ഇത് തന്റെ അറിവോടെയല്ല. ഇതിനെ വിമർശിച്ച സുധാകരൻ ഇത് മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണെന്നും വ്യക്തമാക്കി.
അഭിമുഖത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും താൻ പറഞ്ഞതല്ല. ബ്രണ്ണൻ കോളജിൽവെച്ച് പിണറായി വിജയനെ ചവിട്ടി താഴെയിട്ടെന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. മനോരമ ലേഖകൻ അക്കാര്യം തന്നോട് ചോദിച്ചതാണ്. അക്കാര്യത്തെ കുറിച്ച് പറയാൻ താൽപര്യമില്ലെന്നും അത് എഴുതേണ്ടെന്നുമാണ് താൻ മറുപടി നൽകിയത്.
സ്വകാര്യമായി അറിയാനാണ് ഇക്കാര്യം ചോദിക്കുന്നതെന്നും ഒരു കാരണവശാലും പ്രസിദ്ധീകരിക്കില്ലെന്നുമാണ് ലേഖകൻ പറഞ്ഞത്. ഈ കാര്യങ്ങൾ അഭിമുഖത്തിൽ വരില്ലെന്ന് സത്യം ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ലേഖകന്‍ വിശദീകരിച്ച പഴയ സംഭവങ്ങളില്‍ ചില തിരുത്തല്‍ പറഞ്ഞിരുന്നു. അത് മാത്രമാണ് ചെയ്‍തത്.
ഓഫ് ദ റെക്കോർഡായി പറഞ്ഞ കാര്യങ്ങൾ ചതിവിന്‍റെ ശൈലിയിൽ അഭിമുഖത്തിൽ ചേർത്തതിന്‍റെ കുറ്റം തനിക്കല്ല. മാധ്യമപ്രവർത്തനത്തിന് അപമാനകരമായ നടപടിയാണെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. പിണറായി വിജയനെ ചവിട്ടി താന്‍ വലിയ അഭ്യാസിയാണെന്ന് കേരളയെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

















