കോഴിക്കോട്: ദാദ്ര നഗർ ഹവേലിയിൽ നിന്നുള്ള പാർലമെന്‍റ് അംഗവും പട്ടികവർഗക്കാരനുമായ മോഹൻ ദേൽക്കറുടെ ആത്മഹത്യയിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ അടക്കമുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂർ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസിന് പരാതി നൽകി.
ദാദ്ര നഗർ ഹവേലിയിൽ നിന്നും 7 തവണ വിവിധ പാർട്ടികളിൽ നിന്നായി വിജയിച്ചിട്ടുള്ള മോഹൻ ദേൽകർ കഴിഞ്ഞ തവണ സിറ്റിങ് എം പിയായ ബിജെപി നേതാവ് പട്ടേൽ നാതുഭായിയെ പരാജയപ്പെടുത്തി സ്വതന്ത്രനായാണ് വിജയിച്ചത്. ഇത് ബിജെപിക്ക് അദ്ദേഹത്തോട് വിദ്വേഷം ഉണ്ടാക്കാൻ കാരണമായെന്ന് പരാതിയിൽ പറയുന്നു.
ബിജെപി നേതാവായിരുന്ന അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡ പട്ടേൽ മോഹൻ ദേൽക്കറിനോട് വിദ്വേഷത്തോടെയും അവഹേളനപരമായും പെരുമാറിയതാണ് അദ്ദേഹത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പരാതിയിൽ പറയുന്നു.
2021 ഫെബ്രുവരി 22നാണ് മോഹൻ ദേൽക്കർ ബോംബെ മറൈൻഡ്രൈവിനടുത്തുള്ള ഹോട്ടൽ സൗത്ത് ഗ്രീൻ ഹൗസിൽ വച്ച് ആത്മഹത്യ ചെയ്തത്. അദ്ദേഹം മരണസമയത്ത് എഴുതിവെച്ച 15 പേരുള്ള ഗുജറാത്തി ഭാഷയിലുള്ള ആത്മഹത്യാകുറിപ്പിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ കോഡാ പട്ടേലിനെയും ദാദ്ര നഗർ ഹവേലിയിലെ ഉന്നത ഉദ്യോഗസ്ഥരെയും തന്‍റെ ആത്മഹത്യക്ക് കാരണക്കാരായി കുറ്റപ്പെടുത്തുന്നുണ്ട്.
തനിക്ക് ദാദ്ര നഗർ ഹവേലി ഭരണകൂടത്തിൽനിന്ന് നേരിടുന്ന അപമാനകരമായ പെരുമാറ്റങ്ങളെ കുറിച്ചും പീഡനങ്ങളെക്കുറിച്ചും മോഹൻ ദേൽകർ പലതവണ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ലോകസഭ സ്പീക്കർക്കും പരാതി നൽകിയിരുന്നു. ഇത്തരമൊരു കത്തിൽ തനിക്ക് ഒന്നുകിൽ ലോക്സഭയിൽ നിന്നും രാജിവെക്കുകയോ അല്ലെങ്കിൽ ആത്മഹത്യ ചെയ്യുകയോ അല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് മോഹൻ ദേൽകർ എഴുതിയിരുന്നു.
















