റായ്പൂർ: കോവിഡ് ഭേദമാകാൻ അലോപ്പതി ചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകളെക്കുറിച്ച് തെറ്റിദ്ധാരണ പരത്തിയതിന് പതജ്ഞലി തലവൻ ബാബാ രാംദേവിനെതിരെ കേസ്. ഛത്തീസ്ഗഡ് പൊലീസാണ് രാംദേവിനെതിരെ കേസെടുത്തത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെ ഛത്തീസ്ഗഡ് യൂണിറ്റിന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ഒരു വർഷമായി രാംദേവ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും സമൂഹമാധ്യമങ്ങളിലൂടെ കോവിഡ് അലോപ്പതി ചികിത്സയെക്കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നുവെന്നുമാണ് പരാതി. സമൂഹമാധ്യമങ്ങളിലൂടെ ആരോഗ്യപ്രവർത്തകർ, കേന്ദ്രസർക്കാർ, ഇന്ത്യൻ കൗൺസൽ ഓഫ് മെഡിക്കൽ റിസർച്ച്, മുൻനിര പോരാളികൾ തുടങ്ങിയവരെ വെല്ലുവിളിക്കുന്നതായും പരാതിയിൽ പറയുന്നു.
മോഡേൺ മെഡിസിനെക്കുറിച്ചും അലോപ്പതി ചികിത്സയെക്കുറിച്ചുമാണ് രാംദേവിന്‍റെ വിവാദ പരാമർശം. രാംദേവിന്‍റെ പരാമർശം രോഗികളെ അപകടകരമായ നിലയിലെത്തിക്കും. രാംദേവിന്‍റെ പരാമർശങ്ങൾ ഛത്തീസ്ഗഡ് പൊലീസ് പുറത്തിറക്കിയ വിജ്ഞാപനത്തിന്‍റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.
















