തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കുകൾ നിലവാരത്തിന് ചേർന്നതല്ലെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് ഒരാൾ നടത്തേണ്ട അഭിപ്രായപ്രകടനമല്ല മുഖ്യമന്ത്രി നടത്തിയത്. മരം മുറി വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിതെന്നും ചെന്നിത്തല ആരോപിച്ചു.
മരം മുറിയുമായി ബന്ധപ്പെട്ട് കോടികളുടെ കൊള്ളയാണ് നടന്നത്. ഇപ്പോൾ മുഖ്യമന്ത്രി നടത്തിയ പ്രതികരണം വനം കൊള്ളക്കാരെ സഹായിക്കുന്നതിനാണ്. ജനങ്ങളുടെ ശ്രദ്ധ മരം മുറി വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണെന്നും ചെന്നിത്തല ആരോപിച്ചു. കോവിഡിനെ കുറിച്ച് വിവരിക്കാൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദ പരാമർശവും നടത്തുന്നത് ശരിയല്ല എന്നും ചെന്നിത്തല.
ആളുകൾ വാർത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കുകളും ആനുകൂല്യങ്ങളും അറിയാനാണ്. കോവിഡ് കാലത്തെ വാർത്താസമ്മേളനം വിവാദങ്ങൾക്ക് ഉപയോഗിക്കരുത്. വാർത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അപമാനിക്കാനായി കോവിഡ് വാർത്താസമ്മേളനത്തെ ഉപയോഗിക്കുന്നു. വിരോധമുള്ളവരെ കരിവാരിത്തേക്കാനുള്ളതല്ല വാർത്താസമ്മേളനമെന്നും ചെന്നിത്തല പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രി കേസരയിൽ ഇരുന്ന് അനാവശ്യ കാര്യങ്ങൾ പറയാൻ പാടില്ല. പണ്ടും ഇത്തരത്തിൽ പിണറായി പറഞ്ഞിട്ടുണ്ട്. അന്ന് പി ആർ ഏജൻസികൾ ഉണ്ടായിരുന്നു. ഇന്ന് പി ആർ ഏജൻസികൾ ഇല്ലാത്തത് കൊണ്ടാവാം നേരിട്ട് വിളിച്ചു പറയുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.