ഇറാനിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പ്രധാന മത്സരം തീവ്രപക്ഷക്കാരനായ ജുഡീഷ്യറി മേധാവി ഇബ്രാഹിം റയ്സിയും മിതവാദിയായ സെൻട്രൽ ബാങ്ക് മുൻ മേധാവി അബ്ദുൽനസീർ ഹിമ്മത്തിയും തമ്മിലാണ്. രാജ്യത്തെ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനയിയുടെ വിശ്വസ്തനായ ഇബ്രാഹിം റയ്സിക്കു തിരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കമുണ്ട്. ബുധനാഴ്ച മറ്റു 2 സ്ഥാനാർഥികൾ മത്സര രംഗത്തു നിന്ന് പിന്മാറിയിരുന്നു.
നിലവിലെ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ പക്ഷക്കാരായ പ്രമുഖ നേതാക്കൾക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്ക് ഏർപ്പെടുത്തിയതോടെ മത്സരം പേരിനു മാത്രമായെന്ന വിമർശനവും ഉയരുന്നുണ്ട്. 5.9 കോടി വോട്ടർമാരിൽ നല്ല പങ്കും തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനാണ് സാധ്യത. കോവിഡ് മൂന്നാം വ്യാപനത്തിന്റെ ഭീഷണിയും രാജ്യത്ത് നിലനിൽക്കുന്നുണ്ട്.
2015ൽ ഇറാൻ വൻശക്തികളുമായുണ്ടാക്കിയ ആണവക്കരാറിൽ നിന്ന് ട്രംപിന്റെ കാലത്ത് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. കരാർ പുനരുജ്ജീവിപ്പിക്കണോ വേണ്ടയോ എന്നതാണു തിരഞ്ഞെടുപ്പിലെ പ്രധാന ചർച്ചാ വിഷയം. തീവ്രപക്ഷം കരാറിൽ നിന്ന് പിന്മാറണമെന്ന് വാദിക്കുമ്പോൾ, മിതവാദികൾ യുഎസുമായി വീണ്ടും ധാരണ ഉണ്ടാക്കാമെന്ന നിലപാടിലാണ്.
















