തൃശ്ശൂർ: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ 10 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവില്‍ കള്ളപ്പണ കേസില്‍ അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നതിനടക്കമുള്ള സാധ്യതകള്‍ പരിഗണിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.
കുഴല്‍പ്പണമായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ കവര്‍ന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയിരിക്കുന്നത്. പ്രതികള്‍ക്ക് ഭീഷണി നിലനില്‍ക്കുന്നതിനാലും കേസ് അട്ടിമറിക്കപ്പെടാനും സാധ്യതയുണ്ടെന്ന് പബ്ലിക് പ്രോസിക്യൂ്ടര്‍ വാദിച്ചിരുന്നു. ഈ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അതേസമയം, കുഴൽപ്പണം ഒരു രാഷ്ട്രീയ പാർട്ടിയുടേതെന്നും കവർന്നത് ഇതേ പാർട്ടിയുടെ പ്രവർത്തകരുടെ നിർദ്ദേശപ്രകാരമാണെന്നുമാണ് പ്രതികൾ കോടതിയിൽ നൽകിയ മൊഴി. കവർച്ചാ പണം ബിജെപിയുടേതാണെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ബിജെപിയുടെ നേതാക്കൾ പറഞ്ഞ പ്രകാരം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ച ഹവാല പണം ആണിതെന്നും റിപ്പോർട്ടിൽ പറയുന്നു. പണം തിരിച്ചുകിട്ടണമെന്ന ധർമരാജന്റെ ഹർജിയിൽ ഈ മാസം 23 ന് കോടതി തീരുമാനം പറയും.

















