കോവിഡ് വ്യാപനത്തെയും ലോക്ക്ഡൗണിനെയും തുടർന്ന് നമ്മുടെ നാട്ടിലെ സ്കൂൾ വിദ്യാഭ്യാസം പൂർണമായും ഡിജിറ്റലായി മാറിയിരിക്കുകയാണ്. ഈ അധ്യായന വർഷത്തെ പ്രവേശനോത്സവം പോലും ഡിജിറ്റൽ ആയിരുന്നു. എന്നാൽ ഈ ഡിജിറ്റൽ പഠനത്തിന് വേണ്ട സംവിധാനങ്ങളോ സൗകര്യങ്ങളോ ഇല്ലാത്ത ഒരുപാട് കുട്ടികൾ നമ്മുടെ ഈ കൊച്ച് കേരളത്തിൽ ഉണ്ട്. അത്തരത്തിൽ സ്മാർട്ഫോണുകളോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്തതിനാൽ പഠനം തന്നെ മുടങ്ങിയ അവസ്ഥയിലാണ് വള്ളക്കടവിലെ സി.ഹേച്ച് മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ.
സ്കൂളിലെ നാല്പത്തഞ്ചോളം വിദ്യാർത്ഥികളുടെ പഠനമാണ് സ്മാർട്ഫോൺ ഫോണിന്റെ അഭാവം മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൾ സജില അന്വേഷണം ന്യൂസിനോട് പറഞ്ഞു. സ്കൂളിലെ എല്ലാ അധ്യാപകരും ഓരോ ഫോൺ വീതം വിദ്യാർത്ഥികൾക്ക് നൽകിയെന്നും എന്നിട്ടും നാല്പത്തഞ്ചോളം വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഫോൺ ലഭിക്കാൻ ബാക്കിയുണ്ട്. വിദ്യാഭ്യാസ വകുപ്പിനെയും സ്ഥലം എംഎൽഎയും മന്ത്രിയും കൂടിയായ ആൻ്റണി രാജുവിനെയും വിദ്യാർത്ഥികളുടെ അവസ്ഥ അറിയിച്ചിട്ടുണ്ട് എന്നും പ്രിൻസിപ്പൾ വ്യക്തമാക്കി.
ഇതേ സമയം കുട്ടികളുടെ പഠനത്തിനായി കനിവ് എന്ന സംഘടനയിലെ പ്രവർത്തകർ സ്കൂൾ പ്രിൻസിപ്പാളിന് പഠനോപകരണങ്ങൾ കയ്യ്മാറി.
ഈ കുട്ടികളുടെ പഠന സൗകര്യങ്ങളുടെ അപരിയാപ്തത പരിഹരിക്കാൻ സർക്കാരും വിദ്യാഭ്യാസ വകുപ്പും എത്രയും വേഗം നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ വിദ്യാർത്ഥികൾക്ക് നഷ്ടമാകുക ഏതാനും അധ്യായങ്ങൾ മാത്രമാകില്ല ഒരു അധ്യയന വര്ഷം തന്നെയായിരിക്കും. ഇതോടൊപ്പം ഈ വിദ്യാർത്ഥികൾക്ക് പഠന സൗകര്യങ്ങൾ ഒരുക്കാൻ സുമനസുകൾ കൂടി മുന്നോട്ട് വരണമെന്നാണ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭ്യർത്ഥന.