അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡാ പട്ടേലിന്റെ സന്ദര്‍ശനത്തിന് പിന്നാലെ ഭൂമിയേറ്റടുക്കലടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങി ഭരണകൂടം. കവരത്തിയിലെ സ്വകാര്യ വ്യക്തികളുടെ ഭൂമിയാണ് ഏറ്റെടുക്കാന്‍ ആരംഭിച്ചിരിക്കുന്നത്.ഭൂവുടമകളെ അറിയിക്കാതെയാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ദ്വീപ് നിവാസികള്‍ പറയുന്നു.
2021ല്‍ എല്‍ഡിഎആര്‍. സംബന്ധിച്ച് കരടു രൂപരേഖ ലക്ഷദ്വീപ് ഭരണകൂടം പുറത്തിറക്കിയിരുന്നു. ലക്ഷദ്വീപിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളുടെ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇത്. എന്നാല്‍ ഈ കരട് നിയമം അതേപടി നടപ്പാക്കേണ്ടതുണ്ടോ എന്നതില്‍ തീരുമാനം ആയിട്ടില്ല. ഇതിനിടെയാണ് ഭൂമി ഏറ്റെടുക്കലുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്.
അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ വിവാദ പരിഷ്‌കാരങ്ങളില്‍ ഒന്നായിരുന്നു ഭൂമിയേറ്റെടുക്കല്‍. ഇതിനെതിരെ ലക്ഷദ്വീപില്‍ ശക്തമായ പ്രതിഷേധങ്ങള്‍ നടന്നുവരികയായിരുന്നു.ഉടമകളുടെ അനുവാദം ഇല്ലാതെ ദ്വീപ് ഭരണകൂടം കൊടികളും മറ്റും ഉപയോഗിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സ്ഥലം കെട്ടിത്തിരിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

















