കൊവിഷീൽഡ് വാക്‌സിൻ ഡോസുകളുടെ ഇടവേള കുറയ്ക്കാൻ ആലോചിച്ച് കേന്ദ്ര സർക്കാർ.ഇടവേള കുറയ്ക്കുന്നത് ഡെൽറ്റ വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് നടപടി.
തിങ്കളാഴ്ച യുകെയിൽ നാല്പത് വയസിനു മുകളിലുള്ള എല്ലാവർക്കും ഇടവേള 8 ആഴ്ചയാക്കി. കൊവിഷീൽഡ് എന്ന പേരിൽ ആസ്ട്രസെനക്കയുടെ അതേ വാക്സീൻ ഉപയോഗിക്കുന്ന ഇന്ത്യയിൽ പിന്നെ എന്തിന് 16 ആഴ്ചത്തെ ഇടവേള എന്ന ചോദ്യമാണ് ഉയരുന്നത്. രണ്ട് ഡോസ് വാക്സീൻ സ്വീകരിച്ചവരിൽ 91 ശതമാനത്തിനും കൊവിഡ് വന്നാലും ആശുപത്രി ചികിത്സ വേണ്ടി വരുന്നില്ല എന്ന പഠനവും യുകെ പുറത്തു വിട്ടു.
ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ആണെങ്കിൽ ഇത് 71 ശതമാനം മാത്രമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലും ഇടവേള വീണ്ടും കുറയ്ക്കാൻ ആലോചന. ആദ്യ ഘട്ടമായി 50 വയസിനു മുകളിലുള്ളവരുടെ ഇടവേള കുറച്ചേക്കും. ശാസ്ത്രീയമായും സുതാര്യമായുമാണ് ഇടവേള കുറയ്ക്കാനുള്ള തീരുമാനം എടുത്തതെന്ന് ആരോഗ്യമന്ത്രി ഹർഷവർദ്ധൻ പ്രതികരിച്ചു. വിഷയം രാഷ്ട്രീയവൽക്കരിക്കുന്നത് ഉചിതമല്ലെന്നും മന്ത്രി പ്രതികരിച്ചു.
















