ജറൂസലം: ഗാസയിൽ വീണ്ടും ബോംബു വർഷിച്ച് ഇസ്രായേൽ. നെതന്യാഹുവിന്‍റെ പിൻഗാമിയായി നാഫ്റ്റലി ബെനറ്റ് എത്തി രണ്ടാം ദിവസമാണ് ഉപരോധമുനയിലുള്ള ഗാസ തുരുത്തിൽ ബോംബർ വിമാനങ്ങൾ ബോംബ് വർഷിച്ചത്.
ഗാസയുടെ തെക്കൻ മേഖലയിലെ ഖാൻയൂനിസിലാണ് ഇസ്രായേൽ ബോംബറുകൾ എത്തിയത്. ഖാൻ യൂനിസിനു പുറമെ ഗാസ പട്ടണത്തിലും ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം പറഞ്ഞു. രണ്ട് യുദ്ധ വിമാനങ്ങൾക്കു പുറമെ ഡ്രോണുകളും ആക്രമണത്തിൽ ചേർന്നതായാണ് റിപ്പോർട്ട്.
ദക്ഷിണ ഇസ്രായേലിൽ ഗാസയിൽ നിന്നുള്ള അഗ്നി ബലൂണുകൾ പതിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. 20ഓളം ഇടങ്ങളിൽ അഗ്നി ബലൂണുകൾ വീണ് അഗ്നിബാധയുണ്ടായതായി റിപ്പോർട്ടുണ്ട്.
ഹമാസ് കേന്ദ്രങ്ങൾക്കു നേരെയെന്ന പേരിൽ നടന്ന ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 11 ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് മേയ് 21ന് വെടിനിർത്തൽ നിലവിൽവന്ന ശേഷം ആദ്യമായാണ് വീണ്ടും ഇസ്രായേൽ ബോംബുവർഷിക്കുന്നത്. ഗസ്സ ആക്രമണത്തിൽ 66 കുട്ടികളുൾപെടെ 256 പേർ മരിച്ചിരുന്നു. 12 പേർ ഇസ്രായേലിലും കൊല്ലപ്പെട്ടു.
















