കോവിഡ് രണ്ടാം തരംഗം നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക്ഡൗണ്‍ നാളെ മുതല്‍ ലഘൂകരിക്കും.ഇനിമുതല്‍ പ്രാദേശിക തലത്തിലാകും നിയന്ത്രണങ്ങള്‍ നടപ്പാക്കുക. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ ലോക്ഡൗൺ ആയിരിക്കും. നാളെ മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും.ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമായിരിക്കും.
നാളെ മുതൽ ടിപിആർ നിരക്കിന്‍റെ അടിസ്ഥാനത്തിൽ എ,ബി,സി,ഡി എന്നിങ്ങനെ നാലായി തിരിച്ചാണ് ഇളവുകൾ. ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് 8ൽ താഴെയുള്ള മേഖലകളാണ് എ വിഭാഗത്തിൽ. ഇവിടെ സർക്കാർ സ്ഥാപനങ്ങൾ 25 ശതമാനം ഹാജരിൽ പ്രവർത്തിക്കും. എല്ലാ കടകളും തുറക്കാം. ഓട്ടോ ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. ബീവറേജസ് ഔട്ട്ലറ്റുകളും തുറക്കും.
8 മുതൽ 20വരെ ടിപിആർ നിരക്കുള്ള മേഖലകളാണ് ബി വിഭാഗത്തിൽ. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് പ്രവർത്തനാനുമതി. ഓട്ടോ ടാക്സി സർവീസുകൾ അനുവദിക്കില്ല. ബീവറേജസ് ഔട്ട്ലറ്റുകൾ തുറക്കും. 20നും 30നും ഇടയിൽ ടിപിആർ ഉള്ള സി വിഭാഗത്തിൽ നിയന്ത്രണങ്ങൾ ശക്തമാണ്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ എല്ലാ ദിവസും തുറക്കാം. ചെരിപ്പ്കടകൾ, സ്റ്റേഷനറി, തുണിക്കടകൾ എന്നിവക്ക് വെള്ളിയാഴ്ച മാത്രമാണ് അനുമതി. ഹോട്ടലുകൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെ പാഴ്സൽ വിൽക്കാൻ അനുമതിയുണ്ട്.















