കൊച്ചി: മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ ബാബു ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നേടിയ വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി സിപിഎം നേതാവും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായിരുന്ന എം സ്വരാജ്. ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞാണ് ബാബു വോട്ടഭ്യര്‍ത്ഥിച്ചെന്നാണ് സ്വരാജ് തന്റെ ഹര്‍ജിയിലൂടെ ആരോപിക്കുന്നത്.
അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച് തെരഞ്ഞെടുപ്പ് സ്ലിപ്പ് മണ്ഡലത്തിൽ വിതരണം ചെയ്തു എന്ന് ഹർജിയിൽ പറയുന്നു. സ്ലിപ്പിൽ ശബരിമല അയ്യപ്പൻ്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉൾപ്പെടുത്തി. മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മിൽ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കിൽ അയ്യപ്പന്‍റെ തോൽവി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യൻറെ പേര് ഉപയോഗിച്ചു എന്നും ഹർജിയിലുണ്ട്.
കെ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും സ്വരാജ് ആവശ്യപ്പെടുന്നു. അഡ്വക്കേറ്റ് കെ എസ് അരുൺകുമാർ, പി കെ വർഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയിൽ ഹർജി സമർപ്പിച്ചത്.

















