തിരുവനന്തപുരം: തനിക്കെതിരായ ബിജെപി നേതാവ് എ എന്‍ രാധകൃഷ്ണന്റെ ഭീഷണിയെ ചിരിച്ചുതള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. രാധാകൃഷ്ണന്റെ ആള്‍ക്കാര്‍ വളരെക്കാലം മുമ്ബുതന്നെ ഇത്തരത്തിലുള്ള ഭീഷണികള്‍ തന്റെ നേരെ ഉയര്‍ത്തിയതാണെന്നും ജയിലില്‍ കിടക്കലല്ല, അതിനുമപ്പുറമുള്ള ഭീഷണികളാണ് തനിക്കുനേരെ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് ബിജെപി നേതാവിനോട് തനിക്ക് പറയാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഈ ഭീഷണികള്‍ വന്ന സമയത്തെല്ലാം താന്‍ വീട്ടില്‍ കിടന്നുറങ്ങുന്നുണ്ട്. അതിനൊരു പ്രയാസവുമുണ്ടായിട്ടില്ല. അതോര്‍ക്കുന്നത് നല്ലതാണ്. മുഖ്യമന്ത്രി പ്രതികരിച്ചു.
നമ്മളോരോരുത്തരും മറ്റുള്ളവരുടെ വിധികര്‍ത്താക്കളാണെന്ന് തീരുമാനിക്കരുത്. അത് ശരിയായൊരു നിലപാടല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ എന്ത് വേണമെന്നുള്ളത് ഞാനങ്ങ് തീരുമാനിക്കും, അതങ്ങ് നടപ്പാക്കും എന്ന് കരുത്തുകയാണെങ്കില്‍ അതൊന്നും നടപ്പാകില്ല എന്ന് നമ്മുടെ നാട് തെളിയിച്ചുകഴിഞ്ഞില്ലേ. എന്തെല്ലാമായിരുന്നു മോഹങ്ങള്‍ ഉണ്ടായിരുന്നത്. അത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞോ. എന്തുകൊണ്ടാണത്. മുഖ്യമന്ത്രി പരിഹസിച്ചു.
‘ഇത്തരം ഭീഷണികള്‍ എന്റെയടുത്ത് ചെലവാകുമോ ഇല്ലയോ എന്നതല്ല കാര്യം. കേരളത്തിന്റെ മുഖ്യമന്ത്രിയ്ക്ക് നേരെയുള്ള ഭീഷണിയായിട്ടാണ് അത് വരുന്നത്. ഒരു കേസന്വേഷണം നടക്കുന്നു, അത് തെറ്റായ രീതിയില്‍ ഞാന്‍ ഇടപെട്ട് അന്വേഷണം അവസാനിപ്പിക്കണം എന്നാണ് ആ പറഞ്ഞതിന്റെ അര്‍ത്ഥം. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ എന്തെങ്കിലും തെറ്റായി സംഭവിച്ചു എന്നല്ല. ക്രമത്തില്‍ നടക്കുന്ന അന്വേഷണം സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണം, അല്ലെങ്കില്‍ തനിക്ക് വരാന്‍ പോകുന്നത് ഇതാണ് എന്നാണ്. ഇതാണ് ഭീഷണി,’ മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബി.ജെ.പി നടത്തിയ സത്യാഗ്രഹ സമരത്തില്‍ സംസാരിക്കെയായിരുന്നു രാധാകൃഷണന്റെ ഭീഷണി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നാണ് എ.എന്‍. രാധാകൃഷണന്‍ പറഞ്ഞത്.
പിണറായിയുടെ മക്കളെ ജയിലിലടക്കുമെന്നും മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണിപ്പെടുത്തി.

















