വാഷിങ്ടണ്‍: ചൈനയുടെ ഒരു ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായതായി യുഎസിന്റെ വിലയിരുത്തല്‍. തായ്ഷാന്‍ നൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയിൽ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയത്.
സംഭവിക്കാനിടയുള്ള റേഡിയോളജിക്കൽ ദുരന്തത്തിൽ ആശങ്കയറിയിച്ചാണ് കമ്പനി യുഎസിനെ സമീപിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി യുഎസിന്റെ ഊർജ മന്ത്രാലയം ചോർച്ച സംബന്ധിച്ച വിവരങ്ങൾ സംസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് അവർ പറഞ്ഞു. നിലവിൽ, പ്രതിസന്ധിഘട്ടമില്ലെന്നാണ് യുഎസിന്റെ വിലയിരുത്തൽ. യുഎസിന്റെ നാഷനൽ സെക്യൂരിറ്റി കൗൺസിൽ (എൻഎസ്‌സി) കഴിഞ്ഞയാഴ്ച നിരവധി തവണ യോഗം ചേർന്നു.
ചൈനയുടെ ചുമതലയുള്ള എൻഎസ്‌സി സീനിയർ ഡയറക്ടർ ലോറ റോസെൻബർഗർ, ആയുധ നിയന്ത്രണ വിഭാഗം സീനിയർ ഡയറക്ടർ മല്ലോറി സ്റ്റുവാർട്ട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ഫ്രഞ്ച്, ചൈനീസ് സർക്കാരുമായും യുഎസ് ചർച്ച നടത്തുന്നുണ്ടെന്നാണ് സൂചന. ചോർച്ച നിരീക്ഷിക്കുന്നതു സംബന്ധിച്ച് യുഎസ് സർക്കാർ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ലെങ്കിലും പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന ഘട്ടമുണ്ടായാൽ ഇടപെടുമെന്ന് ഊർജ മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
എന്നാല്‍ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ അറിയിച്ചു.
















