തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളിൽ പരിശോധനകളുടെ എണ്ണം വർധിപ്പിക്കാനും പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശം നൽകി. ഈ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കണമെന്നും കളക്ടർ നിർദേശിച്ചു.
ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിൽ നിൽക്കുന്ന പഞ്ചായത്തുകൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കൽ ഓഫിസർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനു പഞ്ചായത്തുകളുമായി കൈകോർത്തു പ്രവർത്തിക്കാൻ കളക്ടർ മെഡിക്കൽ ഓഫിസർമാർക്കു നിർദേശം നൽകി. രണ്ടു ദിവസത്തിലൊരിക്കൽ പഞ്ചായത്ത് അധികൃതരെ ഉൾപ്പെടുത്തി യോഗം വിളിച്ചു ചേർക്കുകയും പ്രതിരോധ നടപടികൾ അവലോകനം ചെയ്യുകയും വേണം. ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാൻ ജില്ലാതലത്തിൽ 15 ടീമുകൾ രൂപീകരിക്കും.

















