ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയ നടപടിയ്‌ക്കെതിരെ സംവിധായിക ഐഷ സുല്‍ത്താന ഹൈക്കോടതിയെ സമീപിച്ചു.മുന്‍കൂര്‍ ജാമ്യമാവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. താൻ കവരത്തിയിലെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടാൻ സാധ്യത ഉണ്ടെന്ന് ഹർജിയിൽ പറയുന്നു. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുഖേനയാണ് ഹർജി ഫയല്‍ ചെയ്തത്. ഹർജി നാളെ പരിഗണിക്കും.
കേന്ദ്രസർക്കാർ ലക്ഷദ്വീപിൽ ജൈവായുധം പ്രയോഗിച്ചു എന്നായിരുന്നു ചാനൽ ചർച്ചയ്ക്കിടെ ഐഷ സുൽത്താനയുടെ പരാമർശം. കൊറോണയെ കേന്ദ്ര സർക്കാർ ലക്ഷദ്വീപിലെ ജനങ്ങൾക്കെതിരെ ഒരു ജൈവായുധമായി ഉപയോഗിക്കുകയാണ് എന്ന് ഐഷ സുൽത്താനയുടെ പരാമർശത്തിനെതിരെ യുവമോർച്ച സംസ്ഥാന വ്യാപകമായി പരാതികൾ നൽകിയിരുന്നു. ലക്ഷദ്വീപ് ബി.ജെ.പി. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ഐഷ സുല്‍ത്താനക്കെതിരെ കവരത്തി പൊലീസ് കേസെടുത്തത്.

















