ഉത്തര്‍പ്രദേശില്‍ കൊറോണ മാതാ ക്ഷേത്രം പൊളിച്ചു നീക്കി പോലിസ്.പ്രതാപ്ഗഡ് ജില്ലയിലെ ശുക്ലാപൂരില്‍ പുതുതായി നിര്‍മ്മിച്ച ‘കൊറോണ മാതാ’ ക്ഷേത്രമാണ് പോലിസ് തകര്‍ത്തത്. കോവിഡ് വ്യാപനത്തിനിടയിലെ അന്ധവിശ്വാസ പ്രചാരണത്തിനെതിരെയുള്ള നടപടി എന്ന തരത്തിലാണ് ‘കൊറോണ മാതാ’ ക്ഷേത്രം പൊളിച്ചത്.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഗ്രാമത്തിൽ കൊറോണയുടെ പേരിൽ ക്ഷേത്രം ഉയർന്നത്.പച്ച നിറത്തിലുള്ള മാസ്ക് ധരിച്ച ‘കൊറോണ മാതാ’ വിഗ്രഹമാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ‘കൊറോണ മാത’യുടെ അനുഗ്രഹം ഉണ്ടെങ്കിൽ ഗ്രാമത്തിൽ മഹാമാരിയുടെ നിഴൽ പോലും വീഴില്ലെന്നായിരുന്നു ഗ്രാമവാസികളുടെ വിശ്വാസം. ഗ്രാമവാസികള്‍ തന്നെ പണം സ്വരൂപിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്ഷേത്രം സ്ഥാപിച്ചതിന് പിന്നാലെ തന്നെആളുകൾ കൂട്ടമായി ഇവിടേക്കെത്തി തുടങ്ങി. ക്ഷേത്രദർശനത്തിനെത്തുന്ന വിശ്വാസികളുടെ എണ്ണം കൂടിയതോടെയാണ് അധികൃതരുടെ ഇടപെടൽ ഉണ്ടായത്. ക്ഷേത്രനിർമ്മാണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഐജി വ്യക്തമാക്കി. ‘വൈറസിനെക്കുറിച്ച് ആളുകളിൽ അവബോധം സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. മതപരമായ ആചാരങ്ങൾ വൈറസിനെ തുരത്താൻ സഹായിക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്’. ഐജി അറിയിച്ചു.
















