മുംബൈ: വാക്സിൻ വീടുകളിലെത്തിച്ച് നൽകുന്നത് സാധ്യമായ കാര്യമല്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെ വിമർശിച്ച് ബോംബെ ഹൈക്കോടതി. കേരളവും ജമ്മു കശ്മീരും ഇത് വിജയകരമായി നടപ്പാക്കുന്നുണ്ടെന്നും പിന്നെന്താണ് മറ്റു സംസ്ഥാനങ്ങളിൽ ഇത് നടപ്പാക്കാൻ തടസമെന്നും കോടതി ആരാഞ്ഞു. 75 വയസിന് മുകളിലുള്ള മുതിർന്ന പൗരൻമാർക്കും കിടപ്പു രോഗികൾക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും വാക്‌സിൻ വീട്ടിലെത്തിച്ച് നൽകണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി കേന്ദ്രത്തോട് ചോദ്യങ്ങൾ ഉന്നയിച്ചത്.
ചീഫ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ജിഎസ് കുൽകർണി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ചോദ്യങ്ങൾ ഉന്നയിച്ചത്.
കേരളവും ജമ്മു കശ്മീരും വാക്‌സിൻ വീടുകളിലെത്തിച്ചു നൽകുന്ന പദ്ധതി ആവിഷ്‌കരിക്കുകയും വിജയകരമായി നടപ്പാക്കുകയും ചെയ്യുന്നു. ഈ സംസ്ഥാനങ്ങളുടെ വാക്‌സിനേഷൻ പദ്ധതി സംബന്ധിച്ച് കേന്ദ്ര സർക്കാരിന് എന്താണ് പറയാനുള്ളത്? കേന്ദ്ര സർക്കാരിന്റെ പ്രശ്‌നം എന്താണെന്ന് കോടതിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ഇത്തരമൊരു മാതൃക പിന്തുടരാൻ മറ്റു സംസ്ഥാനങ്ങളോട് നിങ്ങൾ ആവശ്യപ്പെടാത്തത്? ഇക്കാര്യത്തിൽ ഉചിതമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു.
കേസ് ഈ മാസം 14ന് വീണ്ടും പരിഗണിക്കും.
















