കണ്ണൂർ: എന്‍ഡിഎയില്‍ ചേരാന്‍ സി കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് സുരേന്ദ്രന്റെ പ്രതികരണം.
ഇടപാടുകള്‍ ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് അറിയരുതെന്ന് സുരേന്ദ്രന്‍ പറയുന്നു. സി.കെ.ജാനുവിന് പത്തുലക്ഷം രൂപ കൈമാറിയെന്ന് വെളിപ്പെടുത്തി പ്രസീത നേരത്തെ പുറത്തുവിട്ട ശബ്ദരേഖയുടെ തുടര്‍ച്ചയാണിത്.
മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി. കെ ജാനുവിന് പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് പ്രസീതയുമായി സുരേന്ദ്രന്‍ സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍. പണം നല്‍കുന്ന കാര്യം പി. കെ കൃഷ്ണദാസ് അറിയരുതെന്നാണ് കെ. സുരേന്ദ്രന്‍ പ്രസീതയുമായുള്ള സംഭാഷണത്തിനിടെ പറയുന്നത്.
ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രന്‍ പറമ്പോള്‍ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി. ബാഗില്‍ പണവുമായി കുറേ ദിവസമായി നടക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നുണ്ട്. പണം കിട്ടിയാല്‍ വിവരം സി.കെ. ജാനു പി.കെ കൃഷ്ണദാസിനോട് പറയുമോ എന്നും കെ.സുരേന്ദ്രന്‍ ചോദിച്ചിരുന്നതായി പ്രസീത അഴീക്കോട് പറഞ്ഞു. ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്.
എന്‍ഡിഎയില്‍ ചേരാന്‍ സി. കെ ജാനുവിന് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് നേരത്തേ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
അതേസമയം മഞ്ചേശ്വരത്തെ അപരസ്ഥാനാര്‍ഥിക്ക് പിന്‍മാറാന്‍ കോഴ നല്‍കിയെന്ന ആരോപണം തളളിയ കെ .സുരേന്ദ്രന്‍ കേസില്‍ അറസ്റ്റ് ഭയപ്പടുന്നില്ലെന്ന് ഡല്‍ഹിയില്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് നാളെ കേരളത്തിലെത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

















