കൊച്ചി: ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണത്തിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ സമീപിക്കുന്നു. കളളപ്പണക്കേസ് പ്രതികളായ സ്വപ്‌നയുടെ ശബ്ദരേഖയിലും സന്ദീപിന്റെ കത്തിലുമുളള അന്വേഷണം ചോദ്യം ചെയ്താണ് കോടതിയെ സമീപിക്കുന്നത്. സമാന്തരമായി അന്വേഷണം നടത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ ആക്ഷേപം. തെളിവ് തേടിയുളള ജുഡീഷ്യല്‍ കമ്മിഷന്റെ പത്രപരസ്യത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
നേരത്തേ കളളപ്പണക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ ക്രൈംബ്രാഞ്ച് എടുത്ത രണ്ടുകേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇ.ഡി. ഹൈക്കോടതിയിലെത്തി നിയമനടപടികള്‍ സ്വീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ രണ്ട് എഫ്.ഐ.ആറുകളും റദ്ദാക്കിയിരുന്നു. ഇപ്പോള്‍ ജുഡീഷ്യല്‍ കമ്മിഷന്‍ തന്റെ നയം പത്രപരസ്യത്തിലൂടെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിയമനടപടികള്‍ക്ക് ആലോചിക്കുന്നത്. ജുഡീഷ്യല്‍ കമ്മിഷന്റെ അന്വേഷണപരിധിയില്‍ എന്തൊക്കെ വരും, കമ്മിഷന്‍ ഏത് രീതിയില്‍ മുന്നോട്ടുപോകും തുടങ്ങിയ കാര്യങ്ങള്‍ കഴിഞ്ഞ ദിവസത്തെ പത്രപരസ്യത്തിലൂടെ വ്യക്തമാണ്.
ഇപ്പോള്‍ ഇത്തരത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നാല്‍ ഈ കേസിലെ പ്രധാനപ്രതികളെ അടക്കം ജുഡീഷ്യല്‍ കമ്മിഷന്‍ വിളിച്ചുവരുത്തി വിസ്തരിക്കാനുളള സാധ്യതയുണ്ട്. അങ്ങനെ വിസ്തരിക്കുമ്പോള്‍ കമ്മിഷന് മുമ്പാകെ നല്‍കുന്ന മൊഴി മറ്റു നിയമനടപടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. അതുകൊണ്ട് കമ്മിഷന് മുന്നില്‍ സാക്ഷികളായി വരുന്ന ഈ കേസിലെ പ്രതികള്‍ക്ക് കമ്മിഷന് മുന്നില്‍ ബോധപൂര്‍വം എല്ലാ കാര്യങ്ങളും തുറന്നുപറയാന്‍ ശ്രമിച്ചേക്കാം. അത് ഇ.ഡിയുടെ കേസിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ ആശങ്ക. അത് മുന്‍നിര്‍ത്തിയാണ് നിയമനടപടികളിലേക്ക് കടക്കുക.
26-ാം തീയതിക്കകം കമ്മിഷനില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ക്കും സാമൂഹിക-രാഷ്ട്രീയ സംഘടനകള്‍ക്കും കക്ഷിചേരാനുളള അവസരം കമ്മിഷന്‍ നല്‍കിയിട്ടുണ്ട്. സി.പി.എം. അടക്കമുളളവര്‍ അതില്‍ കക്ഷി ചേരാനുളള സാധ്യതയുണ്ട്. കമ്മിഷന്റെ നടപടികള്‍ പരസ്യമായിട്ടാണ്. പരസ്യമായ വിസ്താരമാണ് ഉണ്ടാകുക. അതു നടക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തേക്ക് വരും. അത് കേസിനെ ദുര്‍ബലപ്പെടുത്തും. അതിനാല്‍ ജുഡീഷ്യല്‍ കമ്മിഷന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരിക്കും ഇ.ഡി. ഹൈക്കോടതിയില്‍ എത്തുക.

















