ഇന്നലെ രാത്രി അറസ്റ്റിലായ കൊച്ചി മറൈന്‍ ഡ്രൈവ് ഫ്ലാറ്റ് പീഡനക്കേസ് പ്രതി മാർട്ടിൻ ജോസഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ തൃശൂരിലെ മുണ്ടൂരിൽ നിന്നാണ് പിടികൂടിയത്. രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിന് ഒടുവിലാണ് മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ യുവതിയെ ഒരുവര്‍ഷത്തോളം ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്ന കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പോലീസ് പിടിയിലാകുന്നത്. നാട്ടുകാരും പോലീസും ചേർന്ന് നടത്തിയ പരിശോധനക്കൊടുവിലാണ്തൃശ്ശൂർ മുണ്ടൂർ അയ്യൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഒളിത്താവളത്തിൽ നിന്നും മാർട്ടിനെ പിടികൂടിയത്.
തണ്ടര്‍ പൊലീസും സിറ്റി ഷാഡോ പൊലീസും ചേര്‍ന്നാണ് മാര്ട്ടിന് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നല്‍കിയത്. ആദ്യം അറസ്റ്റ് ചെയ്തത് മാര്‍ട്ടിനെ രക്ഷപ്പെടാനും ഒളിവ് ജീവിതം നയിക്കാനും സഹായിച്ച വ്യക്തികളെയാണ്. അയ്യൻകുന്ന് ഇൻഡസ്ട്രിയൽ എസ്റ്റേറ്റില്‍ മാര്‍ട്ടിൻ ഉണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നത് ഇന്നലെ ഉച്ചയോടുകൂടിയാണ്. തുടര്‍ന്ന് ഡ്രോണ്‍ അടക്കമുള്ള സന്നാഹങ്ങളുമായി വീണ്ടും തെരച്ചില്‍ നടത്തി. ഇവിടെ പ്രതിക്ക് ഒളിച്ചിരിക്കാനുള്ള ഇടങ്ങള്‍ ഏതൊക്കെയാണ് എന്നാണ് ഡ്രോണ്‍ പരിശോധനയിലൂടെ കണ്ടെത്തിയത്. അത്തരം ഇടങ്ങളില്‍ നാട്ടുകാരുടെ കൂടി സഹായത്തോടെ പരിശോധന നടത്തുകയായിരുന്നു.
ഒരുതവണ ഒരു ഫ്ലാറ്റില്‍ നിന്ന് പിടികൂടാനായെങ്കിലും രക്ഷപ്പെട്ടു. പിന്നെ ഒളിച്ചിരുന്നത് ഒരു ചതുപ്പില്‍. പിന്നെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഒരു ടെറസില്‍ ഒളിച്ചിരിക്കുകയായിരുന്ന മാര്‍ട്ടിനെ പൊലീസ് പിടികൂടിയത്. പ്രദേശവാസികളുടെ നല്ല രീതിയിലുള്ള പ്രതിയെ പിടിക്കാന്‍ പൊലീസിന് സഹായകമായി.
ഏപ്രിൽ 8 നാണ് മാർട്ടിനെതിരെ പരാതിയുമായി കണ്ണൂർ സ്വദേശിനി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെത്തുന്നത്. പരാതി ലഭിച്ചു രണ്ടു മാസമായിട്ടും നടപടി എടുക്കാതിരുന്ന പൊലീസ്, മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച വാർത്തകൾ വന്നതോടെയാണ് അന്വേഷണവുമായി രംഗത്തെത്തുന്നത്. ഇതിനകം ഫ്ലാറ്റ് ഒഴിവാക്കി മാർട്ടിൻ ഒളിവിൽ പോയിരുന്നു. തുടർന്ന് സെഷൻസ് കോടതിയിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് നിരസിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.