സെർച്ച് എൻജിൻ ഭീമൻ ഗൂഗിളിന്റെ സബ്ഡൊമെയ്നിലെ പ്രശ്നങ്ങൾ കണ്ടെത്തിയ മെർച്ചന്റ് നേവിയിലെ മലയാളി ഉദ്യോഗസ്ഥന് വീണ്ടും ഹാൾ ഓഫ് ഫെയിം അംഗീകാരം. ഗൂഗിൾ സബ്ഡൊമെയ്നിലെ എല്ലാവർക്കും ആക്സസ് ചെയ്യാവുന്ന ടെക്സ്റ്റ് ഫീൽഡിലെ ക്രോസ് സൈറ്റ് സ്ക്രിപ്റ്റിങ് ആണ് എറണാകുളം മൂവാറ്റുപുഴ സ്വദേശി ഹരി ശങ്കർ കണ്ടെത്തിയത്.
ഗൂഗിളിന്റെ ഡേറ്റാബേസിൽ സൂക്ഷിച്ചിരിക്കുന്ന, വ്യക്തികൾ ഹിഡനാക്കി വെച്ചിരിക്കുന്ന ഡേറ്റകളും ചോർത്താമെന്ന് 2017 ൽ ഹരിശങ്കർ കണ്ടെത്തിയിരുന്നു. അന്നും ഹാൾ ഓഫ് ഫെയിം അംഗീകാരം ഹരിക്ക് ലഭിച്ചിരുന്നു. മേയ് ആദ്യത്തിലാണ് ഗൂഗിൾ സബ്ഡൊമെയ്നിലെ സുരക്ഷാവീഴ്ച അധികൃതരെ അറിയിച്ചത്. ഇതിനു മുറുപടി ലഭിച്ചത് ജൂൺ 5നാണ്. കണ്ടെത്തിയ വിവരങ്ങൾ വെളിപ്പെടുത്തരുത് എന്നതാണ് ഗൂഗിൾ നിയമം.
പ്രധാന ഡൊമെയ്നുകളിലെയും ഡിവൈസുകളിലെയും പിഴവുകൾ കണ്ടെത്തുന്ന എത്തിക്കൽ ഹാക്കർമാർക്കും ടെക്കികൾക്കുമാണ് ഗൂഗിൾ ഹാൾ ഓഫ് ഫെയിം അംഗീകാരം നൽകുന്നത്. ഗൂഗിളിലെ സാങ്കേതിക വിദഗ്ധരുടെ പിഴവുകൾ കണ്ടെത്തി ഈ അംഗീകാരം നേടാൻ ലക്ഷക്കണക്കിന് ടെക്കികളാണ് ദിവസവും ശ്രമിച്ചുക്കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഈ മേഖലയിൽ ഹരിശങ്കർ വലിയ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.
ഗൂഗിളിന്റെ സാങ്കേതിക സംവിധാനങ്ങളിലെ തെറ്റുകൾ കണ്ടെത്തുന്നവർക്ക് അതിന്റെ നിലവാരത്തിന് അനുസരിച്ച് നല്കുന്ന അംഗീകാരമാണ് ഹാൾ ഓഫ് ഫെയിം. ഈ ലിസ്റ്റിൽ വരുന്നവരെല്ലാം ഗൂഗിളിന്റെ ഹാൾ ഓഫ് ഫെയിം പ്രത്യേക പേജിൽ എന്നും നിലനിർത്തും. ഗൂഗിള്‍ വള്‍നറബിലിറ്റി റിവാര്‍ഡ് പ്രോഗ്രാം എന്നാണ് ഇതിനെ വിളിക്കുന്നത്.
തെറ്റു കണ്ടെത്തുന്നവർക്ക് ഗൂഗിൾ പ്രതിഫലവും നൽകുന്നുണ്ട്. പിഴവുകളുടെ ഗൗരവം കണക്കിലെടുത്ത് നൽകുന്ന തുകയിലും മാറ്റമുണ്ടാകും. ചൂണ്ടിക്കാണിച്ച പിഴവുകളുടെ എണ്ണവും ഗൗരവവും കണക്കിലെടുത്താണ് പട്ടികയിലെ സ്ഥാനം നിർണ്ണയിക്കുന്നത്. 22 പേജുള്ള ഗൂഗിൾ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഹരിശങ്കറിന്റെ സ്ഥാനം 7–ാം പേജിലാണ്. ആയിരത്തിലധികം പേരുള്ള ലിസ്റ്റിൽ 314 ആണ് ഹരിശങ്കറിന്റെ റാങ്കിങ്. ഈ ലിസ്റ്റിൽ നിരവധി മലയാളികളും ഇടംപിടിച്ചിട്ടുണ്ട്. പിഴവ് ചൂണ്ടിക്കാണിച്ചതിന് പ്രതിഫലം നൽകും മുൻപെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഉൾപ്പെടുത്തുന്നതാണ് ഗൂഗിൾ രീതി.
മെർച്ചന്റ് നേവിയിൽ പ്രവർത്തിക്കുന്ന ഹരിശങ്കർ നേരത്തെയും നിരവധി കമ്പനികളുടെ ഡിജിറ്റൽ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്. തുടക്കത്തിൽ യുട്യൂബ്, ഗൂഗിൾ സെർച്ച് എന്നിവയുടെ സഹായത്തോടെയാണ് എത്തിക്കൽ ഹാക്കിങ് പഠിച്ചത്. ഒഴിവുസമയങ്ങളിലെല്ലാം എത്തിക്കൽ ഹാക്കിങ് പഠിക്കാൻ സുഹൃത്തുക്കളും ഹരിയെ സഹായിക്കുന്നുണ്ട്.
എത്തിക്കൽ ഹാക്കിങ് ഏറെ ഇഷ്ടപ്പെട്ട വിഷയമായതിനാൽ ലഭിക്കാവുന്ന വിവരങ്ങളെല്ലാം ഇപ്പോഴും പഠിച്ചെടുക്കുകയാണ് ഹരി ശങ്കർ. നൂറിലധികം കമ്പനികളുടെ വെബ്സൈറ്റുകളുടെയും സെർവറുകളുടെയും സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹരിശങ്കർ പ്രവർത്തിച്ചിട്ടുണ്ട്. ഇതിന് മുൻപ് ഇന്റൽ, മീഡിയഫയർ, ടൈംസ് ഓഫ് ഇന്ത്യ, ബൈജൂസ് ആപ് എന്നീ കമ്പനികളുടെ അംഗീകാരവും ഹരിശങ്കറിന് ലഭിച്ചിട്ടുണ്ട്.