കവരത്തി: ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്ററുടെ ഭരണ പരിഷ്കാരങ്ങളിൽ പ്രതിഷേധിച്ച് ദ്വീപ് നിവാസികളുടെ നിരാഹാര സമരത്തിന് തുടക്കം കുറിച്ചു.12 മണിക്കൂർ നീണ്ടു നിൽക്കുന്ന നിരാഹാര സമരത്തിനാണ് ഇതോടെ തുടക്കമായത്.അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങൾ പ്രതിഷേധിച്ച് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്.
മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. നിരാഹാര സമരത്തിൽ ദ്വീപ് നിവാസികൾ വീടുകളിൽ കരിങ്കൊടി ഉയർത്തും. ദ്വീപിലെ ബിജെപി പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ മെഡിക്കൽ ഷോപ്പുകൾ ഒഴികെയുള്ള കടകൾ പൂർണമായും അടച്ചിടും.
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേലിനെ മാറ്റണമെന്നും പുതിയ നിയമങ്ങൾ പിൻവലിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
അതേ സമയം പ്രമേഹം പോലെയുള്ള രോഗങ്ങൾ ഉള്ളവർക്ക് അടിയന്തര ചികിത്സ വേണ്ടിവന്നാൽ സംവിധാനമൊരുക്കാനും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട് . മുൻകരുതൽ ഉണ്ടാകണമെന്ന് ഓരോ ദ്വീപിലെയും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകി.